പത്തനംതിട്ട: പന്തളത്ത് വൃദ്ധന്റ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ  വീട്ടിൽ കണ്ടെത്തി. പന്തളം മൂലയിൽ ഇടപ്പുരയിൽ നാരായണൻ ആചാരിയെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുവീടിനോട് ചേർന്നുള്ള ചായ്പ്പിൽ ഒറ്റക്കായിരുന്നു നാരായണൻ ആചാരി താമസിച്ചിരുന്നത്. ബന്ധുക്കൾ കഴിഞ്ഞ ദിവസം കായംകുളത്ത് പോയി രാത്രി വൈകിയാണ് എത്തിയത്. രാവിലെ ചായ്പ്പിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ന് നോക്കിയപ്പോഴാണ് നാരായണൻ ആചാരിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പന്തളം പൊലീസിനെ വിവരം അറിയിച്ചു.

പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നും സംശയിക്കുന്നുണ്ട്. ഇൻക്വസ്റ്റിന് ശേഷം മൃതശരീരം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായിരുന്നു നാരായണൻ ആചാരി.