ആശുപത്രിയിലെത്തിക്കാനായി വയോധികനെ ഒന്ന് പിടിക്കാന്‍ പത്തനാപുരം സ്റ്റേഷനിലെ എസ്.ഐ രാജേഷ് കൂടി നിന്നവരോട് പറഞ്ഞങ്കിലും ആരും തയ്യാറായില്ല.

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് (Pathanapuran) നഗരമധ്യത്തില്‍ വയോധികന്‍ (old man died) വെയിലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് മൂന്ന് മണിക്കൂര്‍. ഒടുവില്‍ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലവൂര്‍ കുരാ സ്വദേശിയായ കൊച്ചുചെറുക്കനാണ് ദാരുണാന്ത്യം സംഭവിച്ചത്. 77 വയസായിരുന്നു.

പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഒരുമണിമുതല്‍ ഇദ്ദേഹം അബോധാവസ്ഥയില്‍ ഇരിക്കുകയായിരുന്നു. എന്നാൽ ഇത് കണ്ടവരോ നഗരനിരത്തിലൂടെ പോയവരോ ഒന്നും വയോധികനെ ശ്രദ്ധിച്ചില്ല. നാല് മണിയോടെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് വയോധികനെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലെത്തിക്കാനായി വയോധികനെ ഒന്ന് പിടിക്കാന്‍ പത്തനാപുരം സ്റ്റേഷനിലെ എസ്.ഐ രാജേഷ് കൂടി നിന്നവരോട് പറഞ്ഞങ്കിലും ആരും തയ്യാറായില്ല. ഒടുവില്‍ എസ്‌.ഐ തനിച്ചെടുത്ത് ഓട്ടോയില്‍ ആശുപത്രില്‍ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മ്യതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.