പടിഞ്ഞാറെത്തറ- കല്‍പ്പറ്റ പ്രധാന പാതക്കരികിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചെത്തിയ  സംഘം   ഫാത്തിമയെ വീട്ടിനുള്ളിലേക്ക് കയറ്റി വാതിലടച്ച് വീട്ടിനുള്ളിലുണ്ടായിരുന്ന തന്നെ കത്തിയെടുത്ത് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 

കല്‍പ്പറ്റ: പടിഞ്ഞാറത്തറയില്‍ വൃദ്ധയായ വീട്ടമ്മയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. പടിഞ്ഞാറെത്തറ വീട്ടിക്കാമൂല കുത്തിനി കുഞ്ഞബ്ദുള്ള ഹാജിയുടെ വീട്ടിലാണ് ഇന്ന് ഉച്ചയോടെ സംഭവമുണ്ടായത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമയെയാണ് രണ്ട് പേരെത്തി ഭീഷണിപ്പെടുത്തിയതെന്ന് ഇവര്‍ പടിഞ്ഞാറത്തറ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വീട്ടിലുണ്ടായിരുന്ന മറ്റു മൂന്ന് സ്ത്രീകള്‍ അലക്കാനും മറ്റുമായി പുറത്തിങ്ങിയ സമയം നോക്കിയാണ് രണ്ട് പേരെത്തിയത്. പടിഞ്ഞാറെത്തറ- കല്‍പ്പറ്റ പ്രധാന പാതക്കരികിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം ഫാത്തിമയെ വീട്ടിനുള്ളിലേക്ക് കയറ്റി വാതിലടച്ച് വീട്ടിനുള്ളിലുണ്ടായിരുന്ന തന്നെ കത്തിയെടുത്ത് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 

തുടര്‍ന്ന് ഇവരുടെ കൈയ്യിലുണ്ടായിരുന്നതും അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷത്തോളം രൂപയും രണ്ട് ഗ്രാം വരുന്ന മോതിരവും കൈവശപ്പെടുത്തി ഇരുവരും രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളെ വിളിച്ചു കൂട്ടിയപ്പോഴേക്കും മോഷ്ടാക്കള്‍ പ്രദേശം വിട്ടിരുന്നു. ഏതാനും ദിവസം മുമ്പ് അപരിചിതനായ ഒരാള്‍ വീട്ടിലെത്തിയിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.