പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് പതിമൂന്നാം വാര്‍ഡിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്‍റെ പേരിലാണ് ശര്‍ക്കര വരട്ടി നല്‍കിയത്. ജില്ലയില്‍ വിതരണം ചെയ്ത ഓണക്കിറ്റില്‍ ഈ ശര്‍ക്കര വരട്ടിയുണ്ട്. ഇത്തരമൊരു പാക്കറ്റ് തയ്യാറാക്കി സിവില്‍ സപ്ലൈസ് കോര്‍‍പ്പറേഷന്‍ നല്‍കിയിട്ടില്ലെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നത്

കാസര്‍കോട്: കാസര്‍ക്കോട് ജില്ലയില്‍ വിതരണം ചെയ്ത ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയത് കുടുംബശ്രീയുടെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ ശര്‍ക്കരവരട്ടിയെന്ന് പരാതി. പിലിക്കോട് പഞ്ചായത്തിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്‍റെ പേരിലാണ് വ്യാജമായി ശര്‍ക്കര വരട്ടി ഉണ്ടാക്കിയത്. കുടുംബശ്രീ അംഗങ്ങള്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് പതിമൂന്നാം വാര്‍ഡിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്‍റെ പേരിലാണ് ശര്‍ക്കര വരട്ടി നല്‍കിയത്.

ജില്ലയില്‍ വിതരണം ചെയ്ത ഓണക്കിറ്റില്‍ ഈ ശര്‍ക്കര വരട്ടിയുണ്ട്. ഇത്തരമൊരു പാക്കറ്റ് തയ്യാറാക്കി സിവില്‍ സപ്ലൈസ് കോര്‍‍പ്പറേഷന് നല്‍കിയിട്ടില്ലെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നത്. ശര്‍ക്കര വരട്ടി പാക്കറ്റ് വ്യാജമായി ഉണ്ടാക്കിയതാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുബശ്രീയിലെ 20 അംഗങ്ങള്‍ ഒപ്പിട്ട് കളക്ടര്‍ക്കും കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പാക്കറ്റില്‍ നല്‍കിയിരിക്കുന്ന എഫ്എസ്എസ്ഐ രജിസ്ട്രേഷന്‍ നമ്പറും വ്യാജമാണ്. കവറിലെ ഫോണ്‍ നമ്പര്‍ പ്രദേശത്തെ സിപിഎം നേതാവും സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ ടി.വി ബാലന്‍റേത്. എന്നാല്‍, അനിത എന്ന കുടുംബശ്രീ അംഗം തന്‍റെ കാറ്ററിംഗ് യൂണിറ്റില്‍ വച്ച് തയ്യാറാക്കിയതാണ് ശര്‍ക്കര വരട്ടിയെന്നാണ് ബാലന്‍ പറയുന്നത്. ഒരു സ്ത്രീയുടെ മൊബൈല്‍ നമ്പര്‍ നല്‍കേണ്ട എന്നതിനാല്‍ തന്‍റെ നമ്പര്‍ നല്‍കാന്‍ അനുവാദം നല്‍കുകയായിരുന്നുവെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona