ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പുളിചോട്ടില്‍ ദേവസ ഗൗഡറുടെ മകന്‍ ചിന്നപ്പയെ കടുവ ആക്രമിച്ച് കൊന്നിരുന്നു

കല്‍പ്പറ്റ: കടുവയെന്ന് സംശയിക്കുന്ന വന്യമൃഗത്തിന്റെ ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബൈരഗുപ്പയ്ക്കും മച്ചൂരിനുമിടയിലായി ചേമ്പുംകൊല്ലി ഭാഗത്താണ് ഒരാളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.

കാട്ടുനായ്ക്ക കോളനിയിലെ കുള്ളനെന്നയാളാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് ഭീതി പരത്തുന്ന കടുവയാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പുളിചോട്ടില്‍ ദേവസ ഗൗഡറുടെ മകന്‍ ചിന്നപ്പ (35)യെ കടുവ ആക്രമിച്ച് കൊന്നിരുന്നു.

പ്രഭാതകൃത്യത്തിനായി വനത്തില്‍ പോയപ്പോഴായിരുന്നു ആക്രമിച്ചത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനം എടുത്ത ദിവസം തന്നെ രണ്ടാമത്തെ ആളും കൊല്ലപ്പെട്ടതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്.