എരഞ്ഞിപ്പാലം: ആരോഗ്യവകുപ്പിന്‍റെ കർശന നിർദേശം അവഗണിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ ഇപ്പോഴും പൊരിവെയിലത്ത് പണിയെടുപ്പിക്കുന്നു.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഉംറ കൺസ്ട്രക്ഷനാണ് ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് കനത്ത ചൂടിനിടയിലും ഡ്രൈനേജ് കനാലിന്‍റെ ജോലി ചെയ്യിക്കുന്നത്.

വെയിലിൽ ജോലിചെയ്യൽ ബുദ്ധിമുട്ടാണെന്നും ഉച്ചയ്ക്ക് ജോലി ചെയ്യരുത് എന്ന നിർദ്ദേശം ഞങ്ങൾക്ക് തന്നിട്ടില്ലെന്നും ബംഗാളിൽനിന്നുള്ള തൊഴിലാളികൾ പറയുന്നു. എരഞ്ഞിപ്പലത്തിനടുത്ത് നടക്കാവ് കൊട്ടാരം റോഡിൽ കത്തുന്ന സൂര്യന് കീഴിൽ ഇരുപതിലേറെ പേർ ഡ്രൈനേജ് കനാലിന്‍റെ പണിയെടുക്കുന്നുണ്ട്. 

നാട്ടിൽ പലയിടത്തും വെയിലത്തിറങ്ങിയ ആളുകൾക്ക് സൂര്യതപം ഏൽക്കുന്നു.‍‍ ഉച്ചയ്ക്ക് 11 മുതൽ വൈകിട്ട് മൂന്ന് വരെ ജോലി ചെയ്യരുതെന്നാണ് നിർദ്ദേശം. എന്നാൽ, ഈ നിർദ്ദേശമൊന്നും ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ അറിഞ്ഞിട്ടില്ല. തൊഴിലാളികളോട് പറഞ്ഞിട്ടും കൂട്ടാക്കാതെ അവർ ജോലിചെയ്യുന്നു എന്നാണ് പണിയെടുപ്പിക്കുന്നവരുടെ തൊടുന്യായം. നിർദ്ദേശം ലംഘിച്ച് ജോലിചെയ്യിപ്പിക്കുന്നത് കർശനമായി നിരീക്ഷിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങളോട് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശമുണ്ട്.