കോഴിക്കോട്: കുപ്പിവെള്ളം വെയിലത്ത് വച്ച് വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ വെയിലേല്‍ക്കുന്ന തരത്തില്‍ സൂക്ഷിച്ച വെള്ളക്കുപ്പികള്‍ പിടിച്ചെടുത്തു. കുപ്പിവെള്ളം കൊടും വെയിലത്ത് തൂക്കിയിട്ടിരിക്കുന്നത് കോഴിക്കോട് ബീച്ചിലെ പല തട്ടുകടകളിലേയും കാഴ്ചയാണ്. വെള്ളക്കുപ്പികള്‍ വെയിലത്ത് വെയ്ക്കരുതെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണിത്.

ദീര്‍ഘനേരം വെയില്‍ ഏല്‍ക്കുമ്പോള്‍ കുപ്പിയില്‍ നിന്ന് പ്ലാസ്റ്റിക്കിന്‍റെ അംഗം വെള്ളത്തില്‍ കലരാനുള്ള സാധ്യതയുണ്ട്. ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. വെയിലത്ത് വെയ്ക്കരുതെന്ന് വെള്ളക്കുപ്പിയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് കച്ചവടക്കാര്‍ കുപ്പിവെള്ളം വെയിലേല്‍ക്കുന്ന തരത്തില്‍ സൂക്ഷിക്കുന്നത്. നിയമലംഘനം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങി. കോഴിക്കോട് ബീച്ചിലെ പരിശോധനയില്‍ നിരവധി വെള്ളക്കുപ്പികള്‍ പിടിച്ചെടുത്തു. കോഴിക്കോട്ട് വരും ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയുണ്ടാകും.