കല്ലെറിഞ്ഞും ശബ്ദമുണ്ടാക്കിയും യുവാക്കള്‍ പടയപ്പയെ പ്രകോപിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

മൂന്നാര്‍:മൂന്നാറില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും പടയപ്പ എന്ന വിളിപ്പേരുള്ള കാട്ടാനയിറങ്ങി. കുണ്ടള എസ്റ്റേറ്റിലാണ് ഇന്ന് രാവിലെ പടയപ്പയിറങ്ങിയത്. എസ്റ്റേറ്റിലിറങ്ങിയ പടയപ്പയെ നാട്ടുകാര്‍ പ്രകോപിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ക്കുനേരെ കാട്ടാന തിരിഞ്ഞു. എസ്റ്റേറ്റിലെ മണ്ണ് ഉള്‍പ്പെടെ കുത്തിനീക്കിയശേഷം നാട്ടുകാര്‍ക്കുനേരെ തിരിയുകയായിരുന്നു. ശബ്ദം ഉണ്ടാക്കിയും കല്ലെറിഞ്ഞുമാണ് കുറച്ചുപേര്‍ പടയപ്പയെ പ്രകോപിപ്പിച്ചത്.

കാട്ടാനയെ പ്രകോപിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. നാട്ടുകാരുടെ പ്രകോപനത്തെതുടര്‍ന്ന് ഏറെ നേരം എസ്റ്റേറ്റില്‍ നിലയുറപ്പിച്ചശേഷമാണ് പടയപ്പ തിരിച്ചു കാടുകയറി പോയത്. ശാന്തനായി എസ്റ്റേറ്റിലൂടെ കാട്ടിലേക്ക് പോവുകയായിരുന്ന ആനയെ ആളുകള്‍ ശബ്ദമുണ്ടാക്കി പ്രകോപിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പടയപ്പ പിന്നീട് കാടുകയറി പോയെന്ന് വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസമായി ചെണ്ടുവാര മേഖലയില്‍ പടയപ്പയുടെ സാന്നിധ്യമുണ്ടെങ്കിലും ഇന്നലെയാണ് ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി പച്ചക്കറി ഉള്‍പ്പെടെ നശിപ്പിക്കുന്നത് പതിവായതോടെ കാട്ടാനയെ പിടികൂടി ഉള്‍ക്കാട്ടിലേക്ക് അയക്കണമെന്ന ആവശ്യവും നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. ഇതിനിടെയാണ് പടയപ്പ വീണ്ടുമിറങ്ങിയത്. കാട്ടാനയെ പ്രകോപിപ്പിച്ചവര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് വനംവകുപ്പ് പറഞ്ഞു. ഇതിനായി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
മൂന്നാറില്‍ അരിതേടി വീണ്ടും പടയപ്പയെത്തി; ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത് മടങ്ങി

Asianet News Live | Israel - Hamas War | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Latest News Updates #Asianetnews