Asianet News MalayalamAsianet News Malayalam

തമ്മിലടിയും തൊഴുത്തിൽ കുത്തും കൈവിടുന്നു; സിപിഎമ്മിന് തലവേദനയായി പാലാ നഗരസഭാ ഭരണം

സിപിഎം ചിഹ്നത്തില്‍ ജയിച്ച ബിനു പുളിക്കക്കണ്ടത്തിന് ജോസ് കെ മാണിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നഗരസഭ അധ്യക്ഷ പദവി കിട്ടാതെ വന്നതാണ് പാലാ ഇടതുമുന്നണിയിലെ തമ്മിലടി രൂക്ഷമാക്കിയത്

Pala municipality CPIM leader against party chairperson kgn
Author
First Published Oct 20, 2023, 7:19 AM IST

കോട്ടയം: സിപിഎമ്മിനും ഇടതുമുന്നണിക്കും തലവേദനയായി പാലാ നഗരസഭയിലെ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ തമ്മിലടിയും തൊഴുത്തില്‍ കുത്തും. സിപിഎം പ്രതിനിധിയായ ജോസിന്‍ ബിനോ, മാണി ഗ്രൂപ്പുമായി അടുത്തതോടെയാണ് മുന്നണിയിലെ പ്രശ്നങ്ങള്‍ രൂക്ഷമായത്. ഇപ്പോൾ നഗര ഭരണം തന്നെ സ്തംഭനാവസ്ഥയിലായി. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് തന്നെ ചെയര്‍പേഴ്സനെതിരെ രംഗത്തെത്തി. പ്രശ്ന പരിഹാരത്തിനുളള വഴിയൊന്നും കാണാന്‍ പാര്‍ട്ടിക്കോ മുന്നണി നേതൃത്വത്തിനോ കഴിയുന്നുമില്ല.

സിപിഎം ചിഹ്നത്തില്‍ ജയിച്ച ബിനു പുളിക്കക്കണ്ടത്തിന് ജോസ് കെ മാണിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നഗരസഭ അധ്യക്ഷ പദവി കിട്ടാതെ വന്നതാണ് പാലാ ഇടതുമുന്നണിയിലെ തമ്മിലടി രൂക്ഷമാക്കിയത്. ബിനുവിനു പകരം ചെയര്‍പേഴ്സനായ ജോസിന്‍ ബിനോ മാണി ഗ്രൂപ്പിനോട് അടുത്തതോടെ പോര് കടുത്തു. കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷയുടെ പക്കല്‍ നിന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അജണ്ട വലിച്ചെടുത്ത് കീറിയെറിഞ്ഞു.

ഈ തമ്മിലടിക്കിടെയാണ് നഗരസഭാധ്യക്ഷയും കൂട്ടരും വിനോദയാത്രയ്ക്കിടയിൽ പണം വച്ച് പകിട കളിച്ചത്. ഈ സംഭവം പാലാ നഗരസഭാ കൗണ്‍സിലിനാകെ നാണക്കേടായി. ഇടതു മുന്നണിയിലെ തമ്മിലടിയില്‍ നഗരഭരണം തന്നെ നിലച്ചമട്ടാണെന്ന് പ്രതിപക്ഷ ആരോപണവും ശക്തമാണ്. പ്രശ്നങ്ങളെ കുറിച്ച് നന്നായി അറിയാമെങ്കിലും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലാണ് സിപിഎമ്മിന്‍റെയും കേരള കോണ്‍ഗ്രസിന്‍റെയും നേതൃത്വങ്ങള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios