കൊലപാതകത്തിൽ കലാശിച്ചത് ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം. ശെന്തിൽ കുമാർ മരിച്ചത് ഇരുമ്പ് ദണ്ഡുള്ള പൈപ്പുകൊണ്ടുള്ള അടിയേറ്റ്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് കുടുക്കി. 

പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മദ്യലഹരിയിൽ അനന്തരവൻ അമ്മാവനെ അടിച്ച് കൊന്നു. ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കാനിരിക്കെയാണ് സംഘർഷമുണ്ടായത്. ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആക്രമണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ വൈകിട്ടാണ് സംഭവം. വടകരപ്പതി കൗണ്ടന്നൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ശെന്തിൽ കുമാർ. അവിവാഹിതനായ കുമാർ നാൽപ്പത്തിയഞ്ചാം വയസിലും സഹോദരി ശാന്തിയ്ക്കും കുടുംബത്തിനും ഒപ്പമായിരുന്നു താമസം. ശാന്തിയുടെ മകനാണ് പ്രഭാകരൻ. xഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം രാത്രി എട്ട് മണിയോടെ അമ്മാവനും അനന്തരവനും കഴിക്കാനിരുന്നു. ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള നിസാര തർക്കമാണ് കയ്യാങ്കളിയായത്. അടുത്തിരുന്ന പിവിസി പൈപ്പെടുത്ത് അനന്തരവൻ അമ്മാവനെ അടിച്ചു. പൈപ്പിനുള്ളിൽ ഉണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് അമ്മാവന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു. ചോരവാർന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം അനന്തരവൻ പ്രഭാകരൻ ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞു. ഇന്ന് പുലർച്ചെ തമിഴ്നാട് അതിർത്തിയിൽവച്ചാണ് പ്രതിയെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.