പാലക്കാട് കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കോടി രൂപ വിലമതിക്കുന്ന അരക്കിലോയിലേറെ എംഡിഎംഎ പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച തൃശൂര്‍ പുതൂര്‍ സ്വദേശി റെനില്‍ രാജനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാനാണ് ലഹരി എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി.
തൃശൂര്‍: പാലക്കാട് നഗരത്തില്‍ വന്‍ലഹരി മരുന്നുവേട്ട. കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച അരക്കിലോയിലേറെ എംഡിഎംഎ പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിലെ യാത്രക്കാരനായ തൃശൂര്‍ പുതൂര്‍ സ്വദേശി റെനില്‍ രാജനാണ് എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് 538 ഗ്രാം ലഹരി മരുന്നാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ ഒന്നരക്കോടി രൂപയില്‍ ഏറെ വില വരും.
വാളയാര്‍ പാമ്പാംപള്ളത്തുള്ള ടോള്‍ പ്ലാസയില്‍ നടത്തിയ പതിവ് പരിശോധനയിലാണ് ബസ് യാത്രക്കാരനായ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. സംസ്ഥാനത്തെ കോളജുകളില്‍ ഉള്‍പ്പെടെ യുവാക്കള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു ലഹരി എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതാണെന്നാണ് പ്രതി എക്‌സൈസ് നല്‍കിയ വിവരം. പ്രതിക്ക് ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാലക്കാട് ജില്ലയില്‍നിന്ന് ഈ വര്‍ഷം പിടിച്ചെടുക്കുന്ന ഏറ്റവും കൂടിയ എം.ഡി.എം.എ വേട്ടയാണിത്. പ്രതി റെനില്‍ രാജേന്ദ്രന്‍ ആദ്യമായാണ് എക്‌സൈസിന്റെ വലയില്‍ പെടുന്നത്. ഇയാള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതിക്ക് സവാള കച്ചവടം കൂടി ഉണ്ടെന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിത്, തൗഫീഖ്, ഹരികൃഷ്ണന്‍, സുബിന്‍ രാജ്, അനീഷ് എന്നിവരും പങ്കെടുത്തു.


