വായ്പക്കാരിൽ നിന്ന് വീട്ടുപകരണങ്ങൾ കൂടി വാങ്ങണം, പലിശയെന്നാൽ കഴുത്തറുപ്പൻ; വായ്പയിൽ കുടുങ്ങി ഗ്രാമീണ ജീവിതം
വട്ടിപ്പലിശക്കാർ മുതൽ മൈക്രോഫിനാൻസ് സംഘങ്ങൾ വരെ ഗ്രാമീണരുടെ ജീവിതം തുലാസിലാക്കുന്നു. ഗ്രൂപ്പ് ലോണെന്ന പേരിലാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ ഗ്രാമീണ മേഖലയിൽ വായ്പകൾ നൽകുന്നത്.

പാലക്കാട് ഒരിടവേളക്ക് ശേഷം പാലക്കാടൻ ഗ്രാമങ്ങളെ വരിഞ്ഞുമുറുക്കുകയാണ് വായ്പാ സംഘങ്ങൾ. നിരവധി സാധാരണക്കാരാണ് വായ്പാ സംഘങ്ങളുടെ കൊള്ളപ്പലിശക്ക് ഇരയായി ജീവിതം വഴിമുട്ടി നിൽക്കുന്നത്. വട്ടിപ്പലിശക്കാർ മുതൽ മൈക്രോഫിനാൻസ് സംഘങ്ങൾ വരെ ഗ്രാമീണരുടെ ജീവിതം തുലാസിലാക്കുന്നു. ഗ്രൂപ്പ് ലോണെന്ന പേരിലാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ ഗ്രാമീണ മേഖലയിൽ വായ്പകൾ നൽകുന്നത്. ഗ്രൂപ്പിലെ ഒരംഗം പലിശ അടച്ചില്ലെങ്കിൽ മറ്റുള്ളവരെ കൊണ്ട് ഭീഷണിപ്പെടുത്തി വാങ്ങുന്ന രീതിയാണ് പലിശ സംഘങ്ങളുടേത്. ഇതു കൂടാതെ പണം വേണമെങ്കിൽ സംഘങ്ങൾ നൽകുന്ന വീട്ടുപകരണങ്ങൾ കൂടി വായ്പയെടുത്ത് വാങ്ങണം.
കൊവിഡ് കാലത്ത് ഭർത്താവിൻ്റെ ജോലി പോയി വീട്ടു ചെലവിന് പോലും ഗതിയില്ലാതെ വന്നപ്പോഴാണ് ചിറ്റൂർ അത്തിക്കോട് സ്വദേശിനി മൈക്രോ ഫിനാൻസ് സംഘത്തിൽ നിന്ന് 50,00O രൂപ വായ്പ എടുത്തത്. പ്രദേശത്തെ ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് ഗ്രൂപ്പായാണ് വായ്പയെടുത്ത്. ആഴ്ച തോറും 1670 രൂപയാണ് തിരിച്ചടവ്. ഇടയ്ക്ക് അസുഖം ബാധിച്ച് തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയായി. അസഭ്യം പറച്ചിലായി ചോദിക്കാൻ ആദ്യമെത്തിയത് ഗ്രൂപ്പിലെ മറ്റ് സ്ത്രീകൾ. എന്നിട്ടും പൈസ കിട്ടാതായതോടെ പലിശ സംഘക്കൾ വീട്ടുമുറ്റത്തെത്തി.
മാട്ടുമന്തയിലെ കവലയിൽ ചെറിയ ഒരു ഫാൻസി കട നടത്തുകയാണ് ചിറ്റൂർ സ്വദേശിനി. സഹകരണ ബാങ്കിൽ വെച്ച വീടിൻ്റെ ആധാരം തിരിച്ചെടുക്കാനാണ് മൈക്രോ ഫിനാൻസ് സംഘത്തിൻ്റെ കെണിയിൽ തലവെച്ചു കൊടുത്തത്. രണ്ടര ലക്ഷം രൂപയ്ക്ക് ആഴ്ച്ച തോറും പതിനായിരം രൂ പലിശ കൊടുക്കുന്നുണ്ട്. അടിയന്തിര ആവശ്യത്തിനായതിനാൽ അവർ പറയുന്ന വീട്ടുപകരണങ്ങളും വായ്പ എടുത്ത് വാങ്ങി. എന്നിട്ടും രക്ഷയില്ല. ഇപ്പോൾ പലിശ മുടങ്ങിയാൽ നിരന്തരം ഭീഷണിയും അസഭ്യം പറച്ചിലും. ഇനി എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഇവർ.