ആലപ്പുഴ: മോഹനൻ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു  പൂട്ടാൻ കൃഷ്ണപുരം  ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. അശാസ്ത്രിയമായ ചികിത്സാ  രീതികൾ  ആശുപത്രിയിൽ  നടക്കുന്നു  എന്ന  ജില്ലാ  മെഡിക്കൽ  ഓഫീസറുടെ റിപ്പോർട്ടിന്റെ  തുടർന്നാണ്  നടപടി. 

ഇന്ന്  വൈകിട്ട് അഞ്ചു മണിക്കു മുമ്പായി പ്രവർത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ച് പഞ്ചായത്ത്  സെക്രട്ടറി നോട്ടീസ് നൽകുകയായിരുന്നു. ആശുപത്രിക്ക്‌  എതിരെ  ആയുർവേദ  മെഡിക്കൽ  അസോയിയേഷൻ  പഞ്ചായത്തിന്  പരാതി  നൽകിയിരുന്നു.

അശാസ്‌ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയായിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു  പൊലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന മോഹനന്‍ നായര്‍ക്കെതിരെ പരാതികളുമായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു.