തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പാർവതി പുത്തനാറിന്‍റെ നവീകരണം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു. ആദ്യ ഘട്ടം പൂർത്തിയാക്കി അടുത്ത മാർച്ചിൽ യാത്രാ ബോട്ടുകൾ ഓടിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. സ്വപ്ന പദ്ധതിയായ കോവളം നീലേശ്വരം ജലപാതയിൽ സുപ്രധാന ഭാഗം പാർവതി പുത്തനാറിന്റെ വീണ്ടെടുപ്പാണ്.

മൂന്ന് ഘട്ടങ്ങളിലായാണ് പാർവതി പുത്തനാർ നവീകരണം. സിയാലിന്റെ കീഴിലുള്ള കേരള വാർട്ട ആന്റ് ഇൻഫാസ്ട്രകർച്ചർ ലിമിറ്റഡിനാണ് ചുമതല. കോവളം മുതൽ ആക്കുളം വരെയുള്ള 16.5 കിലോമീറ്ററിൽ പ്രാഥമിക ശുചീകരണം പൂർത്തിയായി. വിദേശത്ത് നിന്നെത്തിച്ച പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പോള നീക്കി. 

പുത്തനാറിലേക്ക് കക്കൂസ് മാലിന്യം തുറന്നുവിടുന്ന 620ൽ 60 വീടുകൾക്ക് സിയാൽ സെപ്റ്റിക്ക് ടാങ്ക് നിർമിച്ചുനൽകി. കെട്ടിക്കിടന്ന ഖരമാലിന്യവും ചെളിയും നീക്കി ആക്കുളം മുതൽ വള്ളക്കടവ് വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരത്തിൽ ഒന്നര മീറ്റര്‍ ആഴം ഉറപ്പാക്കി. സുഗമമായ ഒഴുക്ക് ഉറപ്പാക്കാനായുള്ള പൊളിച്ചുപണികളും മാലിന്യനിർമാർജ്ജനവും ഉൾപ്പെടുന്നതാണ് അടുത്ത ഘട്ടം.