വിമാനം തകരാറിലായി, ബദൽ സംവിധാനമൊരുക്കിയില്ല, കൊച്ചിയില്‍ വിമാനത്തിൽ കുത്തിയിരുന്ന് യാത്രക്കാരുടെ പ്രതിഷേധം
യാത്രക്കാർ വിമാനത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.
കൊച്ചി: വിമാനം തകരാറിലായതിനെ തുടർന്ന് ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനെ ചൊല്ലി നെടുമ്പാശേരിയിൽ യാത്രക്കാരുടെ ബഹളം. ഇന്നലെ രാതി 11 ന് ദുബൈക്കു പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാറിലായത്. യാത്രക്കാരായി അവധി കഴിഞ്ഞ് ഇന്ന് ജോലിക്കുകയറേണ്ട നിരവധി പേരുണ്ടായിരുന്നു. രാവിലെ 7.30 ഓടെ വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് യാത്രക്കാർ ബഹളം വച്ചത്. തുടർന്ന് യാത്രക്കാർ വിമാനത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. തകരാർ പരിഹരിച്ച് വൈകിട്ട് 4 ന് പുറപ്പെടുമെന്നു സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
വിമാനം വൈകുമെന്നും പുലർച്ചെ മൂന്നു മണിയോടെ യാത്രക്കാരെ അറിയിച്ചു. പിന്നീട് വിമാനം 3.40ന് പുറപ്പെടുമെന്ന് അറിയിച്ചതോടെ ചെക്ക്–ഇൻ പൂർത്തിയാക്കി യാത്രക്കാർ കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, രാവിലെയോടെ വിമാനം റദാക്കിയതായി അധികൃതർ അറിയിച്ചു. ഇതോടെ യാത്രക്കാർ ബഹളം തുടങ്ങി. സാങ്കേതിക പ്രശ്നമാണു വിമാനം റദാക്കാൻ കാരണമെന്ന് സ്പൈസ് ജെറ്റ് അധികൃതർ വിശദീകരിച്ചു. മറ്റൊരു വിമാനത്തിൽ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിത്തരാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നായിരുന്നു സ്പൈസ് ജെറ്റ് അധികൃതരുടെ മറുപടി.