പൊതുഗതാഗത മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ യാത്രക്കാരുടെ ബദല്‍ നിര്‍ദ്ദേശങ്ങള്‍. സാധാരണക്കാരന്റെ യാത്രാ സൗകര്യങ്ങളിലെ പ്രധാനപ്പെട്ടതും പൊതുഗതാഗത സംവിധാനവുമായി ബസ് വ്യവസായത്തിലെ പ്രതിസന്ധിയെ മറികടക്കാനാണ് ബദല്‍ നിര്‍ദ്ദേശങ്ങളുമായി യാത്രക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.  

തൃശൂര്‍: പൊതുഗതാഗത മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ യാത്രക്കാരുടെ ബദല്‍ നിര്‍ദ്ദേശങ്ങള്‍. സാധാരണക്കാരന്റെ യാത്രാ സൗകര്യങ്ങളിലെ പ്രധാനപ്പെട്ടതും പൊതുഗതാഗത സംവിധാനവുമായി ബസ് വ്യവസായത്തിലെ പ്രതിസന്ധിയെ മറികടക്കാനാണ് ബദല്‍ നിര്‍ദ്ദേശങ്ങളുമായി യാത്രക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. 

നിരക്ക് വര്‍ധന താല്‍ക്കാലിക ഫലങ്ങള്‍ മാത്രമാണുണ്ടാക്കുകയെന്നും ഇതിലൂടെ യാത്രക്കാരുടെ എണ്ണം കുറക്കുകയും പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കാനുമാണ് ഇടയാക്കുകയെന്നും നിര്‍ദ്ദേശങ്ങളുടെ ആമുഖമായി പറയുന്നു. നിരക്ക് വര്‍ധനവില്ലാതെ, കൂടുതല്‍ യാത്രക്കാരെ പൊതുവാഹനങ്ങളിലേക്ക് ആകര്‍ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുന്നതാണ് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ബദല്‍ നിര്‍ദ്ദേശങ്ങള്‍. 

ബസ് വ്യവസായം നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന ബസുടമകളുടെ പരാതിയും തൃശൂര്‍ നഗരത്തില്‍ സ്വരാജ് റൗണ്ടിലേക്ക് ബസുകളുടെ പ്രവേശനം നിരോധിക്കാനുള്ള ആലോചന നടക്കുന്നതിനിടെയാണ് നിര്‍ദ്ദേശങ്ങള്‍. സര്‍ക്കാരും ബസുടമകളും ജനങ്ങളും ശ്രമിക്കുകയും വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയാല്‍ എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന നിര്‍ദ്ദേശങ്ങളാണിതെന്നും ജനറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍ പറഞ്ഞു. 

നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി. അതില്‍ പ്രധാനപ്പെട്ടവ ഇങ്ങിനെയാണ്: 

സ്വകാര്യ ബസുടമകളുടെ സംഘടനകളെല്ലാം ലയിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ ഒരൊറ്റ കോണ്‍ഫെഡറേഷന് കീഴില്‍ പ്രവര്‍ത്തിക്കുക. ചെലവുകള്‍ കുറക്കാന്‍, സംഘടിത നേതൃത്വത്തിന് കീഴില്‍ കൂട്ടായി വിലപേശല്‍ നടത്തുക. ഷാസിയും ബസും വാങ്ങല്‍, ബോഡി കെട്ടല്‍, ടയറും ട്യൂബും ലീഫും തുടങ്ങി അനുബന്ധ ഘടകങ്ങളുടെയും വാങ്ങല്‍, ഇന്ധനം, ഓയില്‍, അറ്റക്കുറ്റപ്പണികള്‍, ടിക്കറ്റിങ് യന്ത്രങ്ങള്‍, ഇന്‍ഷൂറന്‍സ് പ്രീമിയം തുടങ്ങി എല്ലാ മേഖലകളിലും വിലപേശല്‍ നടത്തി ചെലവ് കുറക്കാന്‍ ബസുടമകള്‍ ഒന്നിച്ച് നിന്നാല്‍ സാധിക്കും.

മല്‍സരയോട്ടം അവസാനിപ്പിച്ച് ഒരേ റൂട്ടിലെ ബസുകള്‍ വരുമാനം പങ്കിടുന്ന രീതി വ്യാപകമാക്കുക. ബസുകളുടെ പ്രവര്‍ത്തനം രണ്ട് ഷിഫ്ടുകളായി നിജപ്പെടുത്തുക. ( ഉദാ:ആദ്യ സെറ്റ് ജീവനക്കാരെ ഉപയോഗിച്ച് രാവിലെ അഞ്ചോ, ആറോ മണി മുതല്‍ ഉച്ചക്ക് ഒന്നോ, രണ്ടോ മണിവരെയും രണ്ടാമത്തേത് ഉച്ചക്ക് ഒന്നോ, രണ്ടോ മണി മുതല്‍ രാത്രി ഒമ്പത് പത്ത് മണിവരെയും ) 

ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ സ്ത്രീകളെ പരിശീലിപ്പിച്ച് നിയോഗിക്കുക. നിലവിലുള്ള ബസുകളില്‍ ഡീസലിന് പകരം വിലയും മലിനീകരണവും കുറഞ്ഞ എല്‍.എന്‍.ജി, സി.എന്‍.ജി തുടങ്ങിയ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുക. പുതിയ ബസുകള്‍ വൈദ്യുതി ഹൈഡ്രജന്‍ തുടങ്ങിയ ഏറ്റവും നൂതന സാങ്കേതിക വിദ്യയിലുള്ളവ മാത്രമാക്കുക.

സര്‍ക്കാര്‍ ചെയ്യേണ്ടതായ കാര്യങ്ങളെ സംബന്ധിച്ചും നിര്‍ദ്ദേശങ്ങളുണ്ട്. എല്ലാവിധ നികുതികളും തീരുവകളും പരമാവുധി കുറക്കുകയോ, ഒഴിവാക്കുകയോ ചെയ്യുക. ഇത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം നികത്തുവാന്‍ 80 ലക്ഷത്തിലധികം വരുന്ന സ്വകാര്യ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും നികുതി ആനുപാതികമായി വര്‍ധിപ്പിക്കുക. ബസുകള്‍ക്ക് എല്ലാ വിധ ടോളുകളും ചുങ്കങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

പ്രീമിയം കുറക്കുന്നതിന് ഇന്‍ഷൂറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തുക. മലിനീകരണം കുറഞ്ഞ ബദല്‍ ഊര്‍ജ്ജ സ്രോതസുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുക. നിരത്തുകളില്‍ ബസുകള്‍ക്ക് മുന്‍ഗണന നല്‍കുക. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ഏറ്റവും ഒടുവിലായി മാത്രം ബസുകളെ വഴിതിരിച്ച് വിടുകയോ, തടയുകയോ ചെയ്യുക. ഫെയര്‍‌സ്റ്റേജ് സമ്പ്രദായം പൂര്‍ണ്ണമായും ഒഴിവാക്കുക. ദൂരം കുറച്ച് മിനിമം യാത്രാ നിരക്ക് അഞ്ച് രൂപയാക്കുക. 

ജി.പി.എസ് സംവിധാനമുള്ള ടിക്കറ്റിങ് യന്ത്രങ്ങള്‍ കര്‍ശനവും നിര്‍ബന്ധവുമാക്കുക. യാത്ര ചെയ്യുന്ന ദൂരം കണക്കാക്കി, നിരക്ക് ഈടാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക. ഇത് ഉറപ്പാക്കിയാല്‍ കിലോമീറ്റര്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചാലും വിരോധമില്ല. അങ്ങനെയല്ലാതെ നിരക്ക് വര്‍ധിപ്പിക്കുന്നത് കനത്ത തിരിച്ചടിയാവും ഉണ്ടാവുക. നിരവധി യാത്രക്കാര്‍ കൊഴിഞ്ഞു പോകും. സിറ്റി സര്‍വീസില്ലാത്ത ഏക കോര്‍പ്പറേഷനായ തൃശൂരില്‍ സിറ്റി സര്‍വീസും സര്‍ക്കുലര്‍ സര്‍വീസും ആരംഭിക്കാനുള്ള നടപടിയെടുക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.