മോശം സാഹചര്യത്തിലുള്ള ശുചിമുറി ഉപയോഗിക്കാനാവാത്തതിനാല്‍ മണിക്കൂറുകളോളം ജോലി ചെയ്ത് വീട്ടില്‍ ചെന്നാണ് മൂത്രം ഒഴിക്കാന്‍ പോലും സാധിക്കുന്നതെന്ന് കോഴിക്കോട് കലക്ട്രേറ്റിലെ ജീവനക്കാര്‍. വാക്കുകളെ ശരിവയ്ക്കുന്നു ശുചിമുറി കോംപ്ലക്സിലെ കാഴ്ചകളും.

കോഴിക്കോട്: ഉപയോഗിക്കാനാവാത്ത നിലയില്‍ സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫീസുകളിലെയും ശുചിമുറികൾ. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന ശുചിമുറികളിൽ ഏറെയും പൊട്ടി പൊളിഞ്ഞ നിലയിലാണ്. നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഒട്ടുമിക്കയിടങ്ങളിലും പ്രവര്‍ത്തനരഹിതമാണ്.

മോശം സാഹചര്യത്തിലുള്ള ശുചിമുറി ഉപയോഗിക്കാനാവാത്തതിനാല്‍ മണിക്കൂറുകളോളം ജോലി ചെയ്ത് വീട്ടില്‍ ചെന്നാണ് മൂത്രം ഒഴിക്കാന്‍ പോലും സാധിക്കുന്നതെന്ന് കോഴിക്കോട് കലക്ട്രേറ്റിലെ ഒരു ജീവനക്കാരി വിശദമാക്കുന്നു . ജീവനക്കാരിയുടെ വാക്കുകളെ ശരിവയ്ക്കുന്നു ശുചിമുറി കോംപ്ലക്സിലെ കാഴ്ചകളും.

ഇവിടുത്തെ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീും പ്രവർത്തിക്കുന്നില്ല. ഉപയോഗിച്ച നാപ്കിനുകള്‍ തുറന്ന സ്ഥലത്ത് ബക്കറ്റിൽ ഉപേക്ഷിച്ച നിലയിലാണുള്ളത്. ആകെയുള്ള അഞ്ച് ശുചിമുറി കോംപ്ലക്സുകളിൽ ഒന്നിൽ മാത്രമാണ് സാനിറ്ററി വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ അത് പ്രവർത്തനയോഗ്യമല്ലാതായിട്ട് മാസങ്ങളായെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവും.

തിരുവനന്തപുരം പൊലീസ് ക്ലബ്, വയനാട് വെറ്റിനറി സബ് സെന്‍റർ, കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷൻ, കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ്, എന്നിവിടങ്ങളിലെ ശുചിമുറിയുടെ അവസ്ഥകളും ഒട്ടും വ്യത്യസ്തമല്ല. പുതുതായി നിർമിച്ച കെട്ടിടങ്ങളിൽ മാത്രമാണ് വൃത്തിയുള്ള ശുചിമുറിയും നാപ്കിൻ വെൻഡിംഗ് മെഷീനുമുള്ളത്.

ശുചിമുറികളുടെ അറ്റകുറ്റ പണികളുടെ ചുമതല പിഡബ്ല്യൂഡി ബില്‍ഡിംഗ് വിഭാഗത്തിനാണ്. എന്നാല്‍ മതിയായ ഫണ്ടില്ലാത്തതിനാല്‍ പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നാണ് ഓഫീസ് മേലധികാരികള്‍ക്ക് കിട്ടുന്ന പ്രതികരണം. പലയിടങ്ങളിലെയും അവസ്ഥ ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനെ നേരിട്ട് ആവലാതി ബോധിപ്പിച്ചിട്ടും അവസ്ഥക്ക് മാറ്റമില്ലെന്നാണ് പരാതി.