ഇടുക്കി: ചിന്നക്കനാലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. കുടുംബത്തിന് കടബാധ്യതകൾ ഉള്ളതായി അറിവില്ലെന്നും സംഭവം വിശദമായി അന്വേഷിക്കണമെന്നുമാണ് ആവശ്യം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാനാവൂ എന്ന് ശാന്തൻപാറ പൊലീസ് വ്യക്തമാക്കി. 

ഇന്നലെ രാത്രിയാണ് ചിന്നക്കനാൽ ചെമ്പകത്തുളു സ്വദേശി രാമകൃഷ്ണൻ, ഭാര്യരജനി, പന്ത്രണ്ടുവയസ്സുകാരി മകൾ ശരണ്യ എന്നിവരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാമകൃഷ്ണനും ഭാര്യയും ഹാളിൽ ഒരു കയറിന്റെ ഇരുവശങ്ങളിലും തൂങ്ങിയ നിലയിലും ശരണ്യയുടെ മൃതദേഹം മുറിയിലുമായിരുന്നു. രാമകൃഷ്ണന്റെ ബന്ധുക്കൾ ഫോണിൽ വിളിച്ച് കിട്ടാതിരുന്നപ്പോൾ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ചിന്നക്കനാലിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തുകയായിരുന്നു രാമകൃഷ്ണൻ. ഇവർക്ക് കടബാധ്യതകളോ, കുടുംബപ്രശ്നങ്ങളോ ഒന്നും ഇല്ലെന്നായിരുന്നുവെന്ന് അയൽവാസികൾ ഉറപ്പിച്ച് പറയുന്നു.

ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോയി. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളു. കുടുംബത്തിന് മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ്  അറിയിച്ചു.