2018 ലെ മഹാപ്രളയത്തിന് ശേഷം പന്പയിൽ നടത്തിയ പല പഠനങ്ങളുടെയും പ്രധാന നിർദേശമായിരുന്നു നദിയിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യണമെന്നത്
പത്തനംതിട്ട: തോട്ടപ്പുഴശ്ശേരിയിൽ പന്പാ നദിയിൽ നിന്ന് മണൽ കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പ്രളയ മുന്നൊരുക്കങ്ങളുടെ മറവിലാണ് കരാറുകാർ ലോഡ് കണക്കിന് മണൽ നദിയിൽ നിന്ന് കുഴിച്ചെടുത്തത്. നാട്ടുകാർ പ്രതിഷേധിച്ചതോടെ ഇറിഗേഷൻ വകുപ്പ് ഇടപെട്ട് മണൽ തിരികെ നദിയിൽ നിക്ഷേപിച്ചു
2018 ലെ മഹാപ്രളയത്തിന് ശേഷം പന്പയിൽ നടത്തിയ പല പഠനങ്ങളുടെയും പ്രധാന നിർദേശമായിരുന്നു നദിയിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യണമെന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേജർ ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി വിവിധ ഇടങ്ങളിൽ നിന്നും ചെളിയും ആവശ്യമുള്ള സ്ഥലങ്ങളിൽ നിന്ന് മണലും നീക്കം ചെയ്യാനുള്ള ജോലികൾ തുടങ്ങിയത്.
എന്നാൽ പല സ്ഥലങ്ങളിലും എസ്റ്റിമേറ്റിന് വിപരീതമായി മണൽ നീക്കം ചെയ്യുന്നതെന്നാണ് പരാതി. തോട്ടപ്പുഴശ്ശേരി നെടുപ്രയാറിൽ കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് ജെസിബി ഇപയോഗിച്ച് നദിയിൽ നിന്ന് വാരിയ മണൽക്കൂനയാണിത്. 200 ഓളം ലോഡ് മണലാണ് 50 മീറ്റർ നീളത്തിൽ നിന്ന് കുഴിച്ചെടുത്തത്.
നിരവധി ആളുകൾ കുളിക്കെനെത്തുന്ന കടവിൽ ആഴത്തിലുണ്ടായ കുഴിയുടെ അപകടം അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് ഇറിഗേഷൻ വകുപ്പ് ഇടപെട്ടത്. ഉദ്യോഗസ്ഥർ നേരിട്ടെത്തിയതോടെ കുഴിച്ചെടുത്ത മുഴുവൻ മണലും നാല് മണിക്കൂർ കൊണ്ട് തിരികെ ഇട്ട് കുഴി അടച്ചു. എസ്റ്റിമേറ്റിന് വിപരീതമായി മണൽ എടുത്തതിൽ അന്വേഷണം വേണെമെന്നാണ് നാട്ടുകാരുടെ ആവശ്യം
