ദുരന്ത ഘട്ടങ്ങളിലും ദുരിത കാലത്തും രക്ഷാ പ്രവർത്തനത്തിനു സഹായവുമായെത്തിയ ഷഫീഖിന്റെ ബൈക്കിനെ നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്നത് 'ബൈക്ക് ആംബുലൻസ്' എന്നാണ്.
പെരിന്തൽമണ്ണ: ഷഫീഖ് അമ്മിനിക്കാടെന്ന യുവാവിനൊരു ബൈക്കുണ്ട്. ജീവൻ രക്ഷാ സജ്ജീകരണങ്ങൾ സജ്ജമാക്കിയ ഒരു ബൈക്ക്. എപ്പോൾ വിളിയെത്തിയാലും സഹായ ഹസ്തം നീട്ടാനുള്ള ഒരുക്കങ്ങളുമായാണ് ഈ 29 കാരന്റെ യാത്രകൾ. ബൈക്കിൽ മരുന്നുകൾ, ജലസംഭരണി, ഓക്‌സിജൻ സിലിണ്ടർ, സ്‌ട്രെച്ചർ, സേഫ്റ്റി ഗ്ലൗസ്, സേർച് ലൈറ്റ്, റിഫ്‌ലെക്ടർ ജാക്കറ്റ്, സേഫ്റ്റി ബെൽറ്റ് എന്നിവയെല്ലാം സജ്ജമാണ്.
ദുരന്ത ഘട്ടങ്ങളിലും ദുരിത കാലത്തും രക്ഷാ പ്രവർത്തനത്തിനു സഹായവുമായെത്തിയ ഷഫീഖിന്റെ ബൈക്കിനെ നാട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്നത് 'ബൈക്ക് ആംബുലൻസ്' എന്നാണ്. ബൈക്ക് ആംബുലൻസുമായി ഷഫീക് എത്താത്ത ദുരന്ത മേഖലകൾ ചുരുക്കം. പ്രളയ കാലത്ത് ദുരന്ത മേഖലകളിൽ ഇദ്ദേഹത്തിന്റെ രക്ഷാദൗത്യം ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു.
കവളപ്പാറ ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ദിവസങ്ങളോളം രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. തേലക്കാട് ബസ് ദുരന്തം മുതൽ കവളപ്പാറ ഉരുൾ പൊട്ടൽ വരെയായി ഷഫീഖിന്റെ രക്ഷാദൗത്യങ്ങൾ നീളുന്നു. എട്ട് വർഷത്തോളമായി രക്തദാന രംഗത്തും സജീവമാണ്.
കോവിഡ് ബാധിച്ച് മരിച്ച 75 ഓളം പേരുടെ മൃതദേഹം സംസ്‌കരിക്കുന്നതിലും പങ്കാളിയായി. പെരിന്തൽമണ്ണ ഐ എസ് എസ് കോളജിലെ അധ്യാപകനാണ് ഷഫീഖ്. അഗ്‌നിരക്ഷാ സേനയ്ക്കു കീഴിലെ സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ പെരിന്തൽമണ്ണ ഡപ്യൂട്ടി പോസ്റ്റ് വാർഡൻ സ്ഥാനവും വഹിക്കുന്നു. ഭാര്യ ഷംനയും കുടുംബാംഗങ്ങളും പിന്തുണയുമായി കൂടെയുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
