6 മയക്കുമരുന്ന് കടത്ത് കേസുകളടക്കം 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വലപ്പാട് സ്വദേശി മുഹമ്മദ് ഷെജിയെ പിറ്റ് നിയമ പ്രകാരം ഒരു വർഷത്തേക്ക് ജയിലിൽ അടച്ചു.

തൃശൂര്‍: യുവാവിനെ പിറ്റ് നിയമ പ്രകാരം ഒരു വർഷത്തേക്ക് ജയിലിൽ അടച്ചു. 6 മയക്കുമരുന്ന് കടത്ത് കേസ് അടക്കം 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വലപ്പാട് സ്വദേശി മുഹമ്മദ് ഷെജിയെ (30) ആണ് ജയിലിലടച്ചത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒരു വര്‍ഷത്തേയ്ക്ക് ജയിലിൽ അടച്ചത്.

തൃശൂര്‍ സബ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. നാട്ടികയില്‍ നിന്ന് 6 കിലോ 650 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു മുഹമ്മദ് ഷെജി.

വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി വലപ്പാട്, കൊരട്ടി, ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി അറസ്റ്റിലായിട്ടുണ്ട് മുഹമ്മദ് ഷെജിയെന്ന് പൊലീസ് പറഞ്ഞു. വാടാനപ്പള്ളി, വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും മൂന്ന് അടിപിടിക്കേസുകളിലും അടക്കം മറ്റ് അഞ്ച് ക്രിമിനല്‍ കേസുകളിലും മുഹമ്മദ് ഷെജി പ്രതിയാണ്.

വലപ്പാട് പോലീസ് എസ് എച്ച് ഒ അനില്‍കുമാര്‍ കെ, ജി എസ് ഐ ഉണ്ണി പി വി, സി പി ഒ മാരായ മാഷ്, ജെസ്ലിന്‍ തോമസ് എന്നിവര്‍ പിറ്റ് എന്‍ ഡി പി എസ് പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പങ്ക് വഹിച്ചു.