Asianet News MalayalamAsianet News Malayalam

നീണ്ട കാത്തിരിപ്പ്, നൂറിലധികം സിസിടിവി സഹായം, ബ്യൂട്ടിപാർലർ മോഷണക്കേസ് പ്രതിയായ 23-കാരിയെ പൊക്കി പൊലീസ്

കക്കോടി ബസാറിലെ സഹേലി ബ്യൂട്ടി പാർലറിൽ നിന്നും സിനിമാ സ്റ്റൈലിൽ അഞ്ച് പവൻ ആഭരണവും അറുപതിനായിരം രൂപയും കവർന്ന കേസിലെ പ്രതിയായ യുവതി പൊലീസ് പിടിയിൽ

Police arrested 23 year old accused in beauty parlor theft case
Author
Kerala, First Published Mar 25, 2021, 10:11 PM IST

കോഴിക്കോട്: കക്കോടി ബസാറിലെ സഹേലി ബ്യൂട്ടി പാർലറിൽ നിന്നും സിനിമാ സ്റ്റൈലിൽ അഞ്ച് പവൻ ആഭരണവും അറുപതിനായിരം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയായ യുവതി പൊലീസ് പിടിയിൽ. കടലുണ്ടി സ്വദേശിനിയായ 23 വയസുകാരിയെയാണ് മെഡിക്കൽ കോളേജ് എസിപി  മുരളീധരന്റെ മേൽനോട്ടത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ ഇൻസ്പെക്റ്റർ വിജയകുമാരൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കക്കോടിയിലുള്ള ബ്യൂട്ടി പാർലറിൽ ഹെന്ന ട്രീറ്റ്മെൻ്റിനായി ഒരു യുവതി എത്തുകയും ട്രിറ്റ്മെൻറിനിടയിൽ ബ്യൂട്ടിഷ്യൻ്റ ശ്രദ്ധ തെറ്റിക്കുന്ന തരത്തിൽ വയറുവേദന അഭിനയിക്കുകയും കുടിക്കാനായി വെള്ളം വാങ്ങി കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.വെള്ളവുമായി ബ്യൂട്ടീഷ്യൻ വരുമ്പോഴേക്കും ബാഗിൽ സൂക്ഷിച്ചു വെച്ചിരുന്ന സ്വർണ്ണവും പണവും യുവതി കൈക്കലാക്കുകയും ചെയ്തു.

തുടർന്ന്  ഹെന്ന ട്രീറ്റ്മെൻ്റ് കഴിയും മുന്നേ ഓരോ കാരണങ്ങൾ പറഞ്ഞ് പാർലറിൽ നിന്നും യുവതി പോവുകയും ചെയ്തു. ബാഗ് നിലത്ത് വീണു കിടക്കുന്നത് കണ്ട ബ്യൂട്ടീഷ്യൻ അതെടുത്ത് തിരികെ വെക്കാൻ നോക്കിയപ്പോഴാണ് സ്വർണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.

പിന്നീട് ബ്യൂട്ടീഷ്യൻ്റെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കോഴിക്കോട് സിറ്റി മുൻ ഡിസിപി സുജിത്ത് ദാസിൻ്റെ നിർദ്ദേശാനുസരണം സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്തിൻ്റെ മേൽനോട്ടത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. 

പരിസര പ്രദേശങ്ങളിലെ സിസിടിവി കാമറകളിൽ നിന്നും മോഷണം നടത്തിയ യുവതിയുടെ ഏകദേശ രൂപവും യാത്രക്ക് ഉപയോഗിച്ച വാഹനത്തെ കുറിച്ചും സൂചന ലഭിച്ചു. വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് മറച്ചുവെച്ച രീതിയിലും വരുമ്പോഴും മോഷണം നടത്തി തിരിച്ചു പോകുമ്പോഴും വ്യത്യസ്ത രീതിയിലുള്ള ഹെൽമറ്റും മാണ്  യുവതി ധരിച്ചിരുന്നതെന്ന് മനസ്സിലാക്കിയ പൊലീസ് നൂറിലധികം കാമറ ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കുകയും യുവതി ഉപയോഗിച്ച തരത്തിലുള്ള അഞ്ഞൂറിലധികം വാഹനങ്ങൾ പരിശോധിച്ചും പരമാവധി മറ്റു തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

വാഹനം ആരുടെതാണെന്ന് മനസ്സിലാക്കുകയും വാഹനം ഉപയോഗിക്കുന്ന ആളെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുകയും മോഷണം നടത്തിയ യുവതിയെ കൃത്യമായി മനസ്സിലാക്കുകയും ചെയ്തു. ജില്ലയിലെ മറ്റു ബ്യൂട്ടീ പാർലറുകളിൽ നടന്നിട്ടുള്ള മോഷണവിവരങ്ങൾ ക്രൈം സ്ക്വാഡ് ശേഖരിക്കുകയും ചെയ്തു.

അതിനിടെ കോഴിക്കോട് സിറ്റി ഡിസിപിയായി ചുമതലയേറ്റ ഹേമലത ഐപിഎസ് ഈ കേസിൻ്റെ അന്വേഷണ പുരോഗതി വേഗത്തിലാക്കാൻ ക്രൈം സ്ക്വാഡിന് നിർദ്ദേശം നൽകി. മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷം നടക്കാവിൽ നിന്നും വനിത പോലീസിൻ്റെ സാന്നിധ്യത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുക യും ചെയ്തു.പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും നഗരത്തിലെ പത്തോളം ബ്യൂട്ടിപാർലറുകളിൽ നടന്ന മോഷണങ്ങൾക്ക് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ, എം ഷാലു, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, പി ശ്രീജിത്ത്, പിടി ഷഹീർ,എവി സുമേഷ് എന്നിവരെ കൂടാതെ ചേവായൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അജീഷ് കുമാർ,രാജീവ് പാലത്ത്,വിജി മഞ്ചു, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios