Asianet News MalayalamAsianet News Malayalam

ഒരുമിച്ച് ജോലി, പെട്ടെന്ന് ഒരാളെ കാണാതായി, വീടിനുള്ളിൽ അഴുകിയ മൃതദേഹം; തൃശൂരിലെ യുവാവിന്‍റെ മരണം കൊലപാതകം

വര്‍ഷങ്ങളായി അന്തിക്കാട് കെട്ടിട നിര്‍മാണ തൊഴിലാളിയായി താമസിക്കുന്ന ആദിത്യന്റെ മൃതദേഹം അഴുകിയ നിലയിലാണ് വീടിനകത്ത് കണ്ടെത്തിയത്.

police arrested two men in construction worker murder case thrissur SSM
Author
First Published Sep 29, 2023, 8:26 AM IST

തൃശൂര്‍: അരിമ്പൂരില്‍ തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരന്‍ (22), കടലൂര്‍ ബണ്ടരുട്ടി സ്വദേശി ഷണ്‍മുഖന്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ പതിമൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വര്‍ഷങ്ങളായി അന്തിക്കാട് അരിമ്പൂരില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി താമസിക്കുന്ന തമിഴ്‌നാട് കടലൂര്‍ സ്വദേശി ആദിത്യന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. വീട് പുറമേ നിന്ന് പൂട്ടിയ നിലയിലായിരുന്നു.

സംഭവ സ്ഥലത്തെത്തിയ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്ഗ്രെ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ ഷൈജു, ഇന്‍സ്‌പെക്ടര്‍ പി.കെ ദാസ് എന്നിവര്‍ കൊലപാതക സാധ്യത മുന്നില്‍ കണ്ടാണ് അന്വേഷണം ആരംഭിച്ചത്. പല സംഘങ്ങളായി തിരിഞ്ഞ് പൊലീസ് സംഘം അന്തിക്കാട്, അരിമ്പൂര്‍, തൃശൂര്‍ മേഖലയില്‍ നിരവധി പേരെ ചോദ്യംചെയ്തു. ഇതോടെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. പിന്നാലെ അടിയന്തരമായി ഇന്‍സ്‌പെക്ടര്‍ പി.കെ ദാസിന്റെ നേതൃത്വത്തില്‍ ആറംഗ സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയച്ച് നടത്തിയ ചടുല നീക്കത്തിലാണ് ഒന്നാം പ്രതി ദാമോദരന്‍ പിടിയിലായത്. ട്രിച്ചി പൊലീസിന്റെ കൂടി സഹായത്തോടെ നാഗൂര്‍, കാരയ്ക്കല്‍, ട്രിച്ചി എന്നിവിടങ്ങളിലെ പരിശോധനയിലാണ് ദാമോദരന്‍ കസ്റ്റഡിയിലായത്.

തൃശൂര്‍ പടിഞ്ഞാറേ കോട്ടയില്‍ കെട്ടിട നിര്‍മാണ പണിക്കായി എത്തിയ ദാമോദരനെ ഇടയ്ക്ക് ആദിത്യന്‍ കൂടെ കൂട്ടിയിരുന്നു. സംഭവത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ആദിത്യന്റെ കൂടെ തന്നെയായിരുന്നു ദാമോദരനും പണിയെടുത്തിരുന്നത്. സംഭവ ദിവസം ഷണ്‍മുഖനും ആദിത്യന്റെ വീട്ടില്‍ എത്തിയിരുന്നു. പണിക്കൂലി വീതംവയ്ക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ഇരുവരും ചേര്‍ന്ന് ആദിത്യനെ കുത്തുകയായിരുന്നു. മരിച്ചുവെന്നറിഞ്ഞതോടെ വീടുപൂട്ടി ഇരുവരും സ്ഥലം വിട്ടു. ദാമോദരന്‍ മറ്റൊരു കൊലപാതക കേസിലും പ്രതിയാണ്.

ഷണ്‍മുഖനെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ടില്‍ നിന്നുമാണ് പിടികൂടിയത്. ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാതെയുള്ള ജീവിതമാണ് പ്രതികളുടേത്. എസ്.ഐ ശ്രീഹരി, വി.കെ അനില്‍കുമാര്‍, എം അരുണ്‍ കുമാര്‍, രഘു പി ജയകൃഷ്ണന്‍, എഎസ്ഐ എം കെ അസീസ്, സീനിയര്‍ സിപിഒമാരായ മിഥുന്‍ കൃഷ്ണ, സോണി സേവ്യര്‍, മുരുകദാസ്, എ കെ പ്രഭാത്, സുര്‍ജിത് സാഗര്‍, ജോഫിന്‍ ജോണ്‍, സൈബര്‍ സെല്‍ വിദഗ്ധരായ പ്രജിത്ത്, ബാലു എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios