ഇടുക്കി: എസ്റ്റേറ്റ് തൊഴിലാളിയേയും കുടുംബത്തെയും മദ്യപ സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. പെരിയ കനാൽ ന്യൂ  ഡിവിഷനിലെ ആറുമുഖം, ഭാര്യ ശാന്തി, മകൾ മഞ്ജു പ്രിയ എന്നിവർക്കാണ് മർദ്ദനമേറ്റത്. മഞ്ജു പ്രിയയുടെ കൈക്ക് പൊട്ടലും ആറുമുഖന്‍റെ തലയ്ക്ക് സാരമായ പരിക്കുമുണ്ട്. പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ശാന്തമ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. 

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പെരിയ കനാൽ സ്വദേശിയായ ശക്തിവേലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മദ്യപിച്ചതിന് ശേഷം ആറുമുഖന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയത്. ആറുമുഖനും ശക്തിയും തമ്മിൽ മുമ്പ് തൊഴിൽ സംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് മർദ്ദനത്തിൽ കലാശിച്ചത്. 

വീട്ടിൽ അതിക്രമിച്ച് കയറിയ ഇവർ അറുമുഖന്‍റെ ഭാര്യ ശാന്തിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ ആറുമുഖനെ  ശക്തി കൈയ്യിലിരുന്ന പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മാതാപിതാക്കളെ മർദ്ദിക്കുന്നതിനിടയിൽ തടസ്സം പിടിക്കാൻ എത്തിയ 19 കാരി മഞ്ജു പ്രിയയ്ക്കും മർദ്ദനമേറ്റു. വടികൊണ്ടുള്ള അടിയേറ്റ് മഞ്ജു പ്രിയയുടെ കൈക്ക് പൊട്ടലുണ്ട്. മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി അതിനുശേഷം  ഇവർ ശാന്തൻപാറ പൊലീസിലെത്തി പരാതി നൽകി.