തൃശ്ശൂർ: ചാവക്കാട്ട് ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന നടത്തിയവരെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പുത്തൻ കടപ്പുറം സ്വദേശികളായ സഹദ്, അഫ്‍സല്‍, ഷമീർ, ഉസ്മാൻ, അഷ്കർ എന്നിവരാണ് പിടിയിലായത്. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം. 

പുത്തൻ കടപ്പുറം പള്ളി കബർസ്ഥാനിൽ ലോക്ക് ഡൗൺ ലംഘിച്ച് നിരവധി പേരാണ് പ്രാർത്ഥനക്കെത്തിയിരുന്നത്. ഇതറിഞ്ഞെത്തിയ പൊലീസിനെക്കണ്ട് വിശ്വാസികൾ ചിതറിയോടി. പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പള്ളിയുടെ തൊട്ടടുത്തുള്ള വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളുടെ നമ്പര്‍ പൊലീസ് കുറിച്ചെടുത്തു. ബൈക്കുകൾ തങ്ങളുടേതാണെന്ന് പറഞ്ഞ് ഈ വീടുകളിലെ സ്ത്രീകളും പുരുഷന്മാരും പുറത്ത് വന്നതോടെ വാക്കേറ്റമുണ്ടായി. 

കണ്ടാലറിയാവുന്ന 15 പേർക്കെതിരെയായിരുന്നു കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസ്. തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ചുപേർ പിടിയിലായത്. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ ഷെമീറും ഉസ്മാനും സഹോദരങ്ങളാണ്. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴോളം കേസുകളിൽ പ്രതിയാണ് ഷമീർ.