തെങ്ങുകയറ്റത്തൊഴിലാളി താമല്ലാക്കൽ പുത്തൻപുരയിൽ ഷാജി (54) കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവു കണ്ടെത്തിയതായി പൊലീസ്. 

ഹരിപ്പാട്: തെങ്ങുകയറ്റത്തൊഴിലാളി താമല്ലാക്കൽ പുത്തൻപുരയിൽ ഷാജി (54) കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവു കണ്ടെത്തിയതായി പൊലീസ്. ഷാജിയെ ആക്രമിക്കാൻ പ്രതി കൊച്ചു വീട്ടിൽ രാജീവ് ( രാജി -48) ഉപയോഗിച്ച കൊന്നപ്പത്തലിൽ നിന്ന് മുടിയും രക്തവും പൊലിസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയതാണ് നിർണായക തെളിവായത്. 

പ്രതിയുടെ വീടിനടുത്ത കുളത്തിൽ നിന്നാണ് മൺവെട്ടി കൈ ആയി ഉപയോഗിക്കാൻ പാകത്തിൽ ചെത്തിയൊരുക്കിയ കൊന്നപ്പത്തൽ വീണ്ടെടുത്തത്. രാജീവിന്റെ സാന്നിധ്യത്തിൽ നടത്തിയ തെളിവെടുപ്പിലാണ് പത്തൽ കണ്ടെത്തിയത്. പത്തലിൽ നിന്ന് കണ്ടെത്തിയ മുടിയും രക്തവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലിസ് പറഞ്ഞു. 

ഫെബ്രുവരി 18-ന് ആണ് ഷാജി കൊല്ലപ്പെട്ടത്. മൂന്ന് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. തലയിലെ മുറിവും ശരീരത്തിൽ കണ്ട അടികൊണ്ട പാടുകളും കണ്ട് ബന്ധുക്കളിൽ ചിലരും ഭാര്യയും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കൊല്ലപ്പെട്ട ഷാജിയുടെ ഭാര്യ സുനിത സംശയമുന്നയിച്ചു പൊലിസിൽ പരാതി നൽകി. 

ഹരിപ്പാട് പൊലിസ് എസ്എച്ച് ഒ ബിജു വി. നായരുടെ നേതൃത്വത്തിൽ സംഭവത്തെപ്പറ്റി രഹസ്യാന്വേഷണവും നടത്തിയിരുന്നു. ഇതേ തുടർന്നാണ് അയൽവാസിയായ പ്രതി പിടിയിലായത്. നേരത്തേ പ്രതിയുടെ സഹോദരിയുടെ പറമ്പിൽ നിന്ന് ഷാജി അനുവാദമില്ലാതെ കരിക്കു വെട്ടിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഷാജിയും പ്രതി രാജീവും തമ്മിൽ വാക്കേറ്റം നടത്തിയിരുന്നു. 

സംഭവദിവസം പ്രതിയുടെ വീട്ടിൽ നടന്ന പൂജ സമയത്ത് സമീപത്തുള്ള അരമതിലിൽ പുറംതിരിഞ്ഞിരുന്ന ഷാജിയെ പ്രതി രാജീവ് പിന്നിലൂടെ ചെന്ന് കൊന്ന പത്തലിന് അടിച്ചെന്നും അടിയുടെ ആഘാതത്തിൽ താഴെ വീണ് ഷാജി മരിച്ചെന്നുമാണ് കേസ്. ഭാര്യയും ബന്ധുക്കളുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷാജി മദ്യപിച്ച് വന്ന് അയൽവാസികളുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു.

കൊവിഡ് ചികിത്സക്ക് അധികപണം വാങ്ങിയ ആശുപത്രിക്ക് പത്തിരട്ടി തുക പിഴ ചുമത്തി

തിരുവനന്തപുരം: കൊവിഡ് സെല്ലില്‍ (Covid cell) നിന്നും സ്വകാര്യാശുപത്രിയിലേക്ക് (Private hospital) റഫര്‍ ചെയ്ത രോഗിയില്‍ നിന്നും നിയമവിരുദ്ധമായി 1,42,708 രൂപ ഈടാക്കിയ ആശുപത്രിക്ക് അധികമയി ഈടാക്കിയ തുകയുടെ പത്ത് മടങ്ങ് തുക പിഴ ചുമത്തുന്നതയി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (Medical officer). സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ (Huma right Commissioner Antony Dominic) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കാന്‍ സ്വകാര്യാശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാ കളക്ടറേറ്റില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗിയില്‍ നിന്നും എംപാനല്‍ഡ് ആശുപത്രികള്‍ ചികിത്സാചെലവ് ഈടാക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ 6 ദിവസത്തെ ചികിത്സക്ക് പോത്തന്‍കോട് ശുശ്രുത ആശുപത്രി 1,42 708 രൂപ ഈടാക്കി. 

വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം സ്വദേശി ബി എച്ച് ഭുവനേന്ദ്രനെയാണ് 2021 മേയ് 12 മുതല്‍ 6 ദിവസം ചികിത്സിച്ചത്. മകന്‍ ആനന്ദാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. 142708 രൂപയില്‍ 58695 രൂപ ഇന്‍ഷുറന്‍സില്‍ നിന്നും ഈടാക്കി. 84013 രൂപ രോഗിയില്‍ നിന്നും ഈടാക്കി. ആശുപത്രിയെ എംപാനല്‍ ചെയ്യാന്‍ മെയ് 14 നാണ് തങ്ങള്‍ അപേക്ഷ നല്‍കിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനല്‍ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എംപാനല്‍ ചെയ്ത് കിട്ടുന്നതിന് മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ സൗജന്യം നല്‍കാനാവില്ലെന്നാണ് ആശുപത്രി നിലപാടെടുത്തത്. പി പി ഇ കിറ്റിന് 20675 രൂപയും എന്‍ 95 മാസ്‌ക്കിന് 1950 രൂപയും ഈടാക്കിയിരുന്നു. ഇത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ഡിഎംഒ അറിയിച്ചു.