ഒരുമാസം മുന്പാണ് സ്റ്റീഫനും സുഹൃത്ത് മുരുകേശനും പാപ്പാത്തിയോട് യാത്രപറഞ്ഞ് പോയത്. 

പാലക്കാട്: മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ രണ്ട് യുവാക്കളെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുന്നു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ, സി.ബി.ഐക്കോ കൈമാറണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

ഒരുമാസം മുന്പാണ് സ്റ്റീഫനും സുഹൃത്ത് മുരുകേശനും പാപ്പാത്തിയോട് യാത്രപറഞ്ഞ് പോയത്. സ്റ്റീഫൻ ജോലി ചെയ്യുന്ന തേങ്ങിൻ തോപ്പിലേക്ക് പോകുന്നത് കണ്ട നാട്ടുകാരുണ്ട്. പിന്നെ ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ല.

കൊല്ലംങ്കോട് പൊലീസ് കാണാതായവരുടെ സുഹൃത്തുക്കളെ നിരന്തരം ചോദ്യം ചെയ്യുന്നുണ്ടെങ്കിലും തുന്പോന്നും ലഭിച്ചില്ല. നേരത്തെ ഡ്രോൺ ഉപയോഗിച്ച് വനത്തിനകത്ത് തിരച്ചിൽ നടത്തിയിരുന്നു. സമീപത്തെ ജലാശയങ്ങളിൽ മുങ്ങൽ വിദഗ്ധര്‍ പരിശോധന നടത്തി. 

തമിഴ്നാട്ടിലും പരിശോധനാ സംഘമെത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.