ഇടുക്കി: കന്യാസ്ത്രീ മഠത്തിനുനേരെ അജ്ഞാതരുടെ ശല്യമുണ്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തി. മൂന്നാർ മൗണ്ട് കാർമ്മൽ ദൈവാലയത്തിനുസമീപമുള്ള വിമലാംബികയുടെ പുത്രിമാർ എന്നറിയപ്പെടുന്ന ഡി.ഐ.എച്ച് സഭാംഗങ്ങളായ കർമ്മലാരം കോൺവെൻറിലെ കന്യാസ്ത്രീകളാണ് പൊലീസിൽ പരാതി നൽകിയത്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി കോൺവെൻ്റ് പരിസരത്ത് അജ്ഞാത വ്യക്തി ചുറ്റിത്തിരിയുന്നതായി സമീപവാസികൾ കന്യാസ്ത്രീകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് സിസ്റ്റേഴ്സ് പൊലീസിൽ പരാതിപ്പെട്ടത്. അജ്ഞാതനായ വ്യക്തി ഫോട്ടോയും വീഡിയോയും പകർത്തിയതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് മൂന്നാർ പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. എസ്.ഐ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.