തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് തുണയായി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍. കോഴിക്കോട് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥന്‍ കെ.റിജിത്താണ് റോഡില്‍ രക്തം വാര്‍ന്ന് കിടന്ന യുവാവിനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടിക്കായി സ്റ്റേഷനിലേക്ക് പോകുന്നവഴി പാവങ്ങാട് ഭാഗത്തേക്കുളള റോഡ് ബ്ലോക്കായതിനെത്തുടര്‍ന്ന് വാഹനം നിര്‍ത്തിയ റിജിത്ത് കണ്ടത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് റോഡില്‍ ചോരയൊലിപ്പിച്ച് കിടക്കുന്ന ബൈക്ക് യാത്രക്കാരന്‍ സുഹൈലിനെയാണ്. അടുത്തെത്തി നോക്കിയപ്പോള്‍ തുടയെല്ലിലെ പൊട്ടലും ഹെല്‍മറ്റ് ധരിച്ചിട്ടും തലയ്ക്കേറ്റ പരിക്കും ഗുരുതമാണെന്ന് മനസിലായി.  ആള്‍ക്കാര്‍ കൂടിനില്‍പ്പുണ്ടെങ്കിലും ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. 

അപകടം നടന്നിട്ട് പത്ത് മിനിട്ട് ആയെന്നറിഞ്ഞ റിജിത്തിന് ഇനിയും സമയം താമസിച്ചാല്‍ ആ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് മനസിലായി.  ഒട്ടും സമയം കളയാതെ പരിക്കേറ്റ സുഹൈലിനെ സ്ഥലത്തുകൂടിയ ആള്‍ക്കാരുടെയും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെയും സഹായത്തോടെ തന്‍റെ വാഹനത്തിലേക്ക് കയറ്റി. എന്നാല്‍ വാഹനത്തില്‍ കൂടെ കയറാന്‍ ആരും തയ്യാറായില്ല.  സമയം തീരെയില്ലെന്ന് തിരിച്ചറിഞ്ഞ റിജിത്ത് ഒറ്റയ്ക്ക് വാഹനമെടുക്കാന്‍ തയ്യാറായപ്പോള്‍  അതുവഴി വന്ന വെറ്റിനറി സര്‍ജന്‍ ഡോ ശബരീഷ്, പോളിടെക്നിക് വിദ്യാര്‍ത്ഥി റിബു എന്നിവര്‍ ഒപ്പം ചേര്‍ന്നു.  

Read More: ആലപ്പുഴയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു; യാത്രക്കാര്‍ വെള്ളത്തില്‍ ചാടി

എത്രയും വേഗം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയായിരുന്നു റിജിത്തിന്‍റെ ലക്ഷ്യം  എന്നാല്‍ വഴിയില്‍ വച്ച് സുഹൈലിന് ശ്വാസതടസമുണ്ടായതിനാല്‍ മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെത്തി സുഹൈലിനെ വിദഗ്ദ്ധ ചികില്‍സയ്ക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റുമ്പോഴും റിജിത്ത് കൂടെയുണ്ടായിരുന്നു.  ഗുരുതര പരിക്കേറ്റ സുഹൈല്‍ ഇപ്പോഴും ചികില്‍സയിലാണ്. ജോലിത്തിരക്ക് പരിഗണിക്കാതെ പരിക്കേറ്റ് രക്തം വാര്‍ന്നുകിടന്ന യുവാവിനെ സ്വന്തം വാഹനത്തില്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനും കൂടെ നില്‍ക്കാനും തയ്യാറായ റിജിത്തിനെ കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാഷ് റിവാര്‍ഡ് നല്‍കി അനുമോദിച്ചു.  കോഴിക്കോട് സിറ്റിയിലെ ഏലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആണ് കെ.റിജിത്ത്.