Asianet News MalayalamAsianet News Malayalam

അമ്മയെ കാണാന്‍ അനുവദിക്കാതെ മകന്‍; പൊലീസെത്തി മതില്‍ ചാടിക്കടന്ന് ആശുപത്രിയിലാക്കി, മണിക്കൂറുകള്‍ നീണ്ട നാടകീയത

മക്കൾ തമ്മിലുള്ള പ്രശ്നം,  ഗുരുതരാവസ്ഥയിലുള്ള വൃദ്ധ മാതാവിനെ ആശുപത്രിയിലാക്കാൻ സഹോദരങ്ങൾ എത്തിയപ്പോൾ തടസം നിന്ന് മകൻ

police rescued old mother locked up by son
Author
Balaramapuram, First Published Sep 20, 2019, 1:21 PM IST

തിരുവനന്തപുരം: മക്കൾ തമ്മിലുള്ള പ്രശ്നം,  ഗുരുതരാവസ്ഥയിലുള്ള വൃദ്ധ മാതാവിനെ ആശുപത്രിയിലാക്കാൻ സഹോദരങ്ങൾ എത്തിയപ്പോൾ തടസം നിന്ന് മകൻ. ആരെയും അകത്തേക്ക് കയറാൻ സമ്മതിക്കാതെ വീടിന്റെ വാതിലും ഗേറ്റും പൂട്ടിയിട്ട് വെല്ലുവിളി നടത്തിയ മകനെ വകവെയ്ക്കാതെ മതിൽ ചാടി കടന്ന് ബാലരാമപുരം സിഐ ബിനുകുമാറും സംഘവും വൃദ്ധയെ രക്ഷപെടുത്തി ആശുപത്രിയിലാക്കി.  

മകനെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാലരാമപുരം തലയിൽ ശാന്തിപുരം പേരകത്ത് വിളാകത്ത് വീട്ടിൽ ലളിത(75)യെ ആണ് ബാലരാമപുരം പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. വാർധക്യസഹജമായ അസുഖങ്ങളാലും, കരൾ സംബന്ധമായ അസുഖങ്ങളാലും ബുദ്ധിമുട്ട് നേരിടുന്ന ലളിത ഇളയ മകൻ വിജയകുമാറിനൊപ്പം ആണ് താമസിക്കുന്നത്. 

സ്വത്ത് വീതം വയ്പ്പ് സമയത്തെ പ്രശ്നങ്ങള്‍ കാരണം ലളിതയുടെ നാലു മക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുയെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. ലളിത സ്ഥിരമായി നിലവിളിക്കാറുണ്ടെന്നും മകന്‍ ചികിത്സയ്ക്ക് കൊണ്ട് പോകാറില്ലായെന്നും അയല്‍വാസി വിളിച്ചു അറിയിച്ചതനുസരിച്ച് മക്കൾ സ്ഥലത്തെത്തി. എന്നാൽ ഇവരെ വീടിനകത്തേക്ക് കയറാൻ അനുവദിക്കാതെ ഇളയ മകൻ ജയകുമാർ മുന്‍വശത്തെവാതിലിനും ഗേറ്റിനും താഴിട്ടു. 

ഇതോടെ മക്കൾ പൊലീസിന്റെ സഹായം തേടുകയായിരുന്നു. സ്ഥലത്തെത്തിയ ബാലരാപുരം എസ്ഐ ജയകുമാറുമായി സംസാരിച്ചെങ്കിലും അമ്മയെ അടുത്ത ദിവസമേ ഡിവൈഎസ്പിയുടെ മുന്നില്‍ ഹാജരാക്കാമെന്ന് പറഞ്ഞു ഇയാൾ വാതിൽ തുറന്നില്ല.  വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍എസ് വസന്തകുമാരിയും ബാലരാമപുരം സിഐ ബിനുകുമാറും സ്ഥലത്തെത്തി. 

ബാലരാമപുരം സിഐ ബിനു ജയകുമാറിനോട് കതക് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇയാൾ തയ്യാറായില്ല. ബന്ധുക്കളെയും പൊലീസിനെയും ജയകുമാർ വെല്ലുവിളിച്ചുകൊണ്ട് നിന്നു. ഇതോടെ സിഐ മതിൽ ചാടിക്കടന്ന് വീടിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറുകയും ജയകുമാറിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 

പൊലീസ് വിവരം അറിയിച്ചത് അനുസരിച്ച് ബാലരാമപുരത്തെ 108 ആംബുലൻസ് സ്ഥലത്തെത്തി. വിവസ്ത്രയായി കിടന്നിരുന്ന ലളിതയെ ആംബുലൻസ് ജീവനക്കാർ വസ്ത്രം ധരിപ്പിച്ച ശേഷം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. 14 ലക്ഷത്തോളം രൂപ ലളിതയുടെ അക്കൗണ്ടിലുണ്ടെന്നാണ് മക്കള്‍ പറയുന്നത്. വീടും സ്ഥലവും മകന്‍ എഴുതിവാങ്ങിയതായും പറയുന്നു. 

എന്നാൽ ഇളയ മകന് സ്വത്തുക്കൾ കൂടുതലായി നൽകിയതിനാൽ മക്കൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ജയകുമാർ അമ്മയെ വേണ്ടവിധത്തിൽ പരിപാലിച്ചിരുന്നുയെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു. പ്രതിരോധ അറസ്റ്റിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്ത ജയകുമാറിനെതിരെ മറ്റു കേസുകൾ ഒന്നും പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. 

Follow Us:
Download App:
  • android
  • ios