ഇടുക്കി: ഓണത്തോട് അനുബന്ധിച്ച് എസ്‌റ്റേറ്റ് മേഖലയില്‍ പരിശോധന കര്‍ശനമാക്കി ദേവികുളം പൊലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അനധിക്യതമായി സൂക്ഷിച്ചിരുന്ന 16 ലിറ്റര്‍ വിദേശമദ്യം പിടികൂടി. വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുന്നതിന്റ ഭാഗമായി നടത്തിയ പരിശോധനയിലാണ് മാട്ടുപ്പെട്ടി കൊരണ്ടിക്കാട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 16 ലിറ്റര്‍ വിദേശമദ്യം പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടി പത്തുമുറിയ ലയണ്‍സില്‍ പിച്ചൈകനി (55) യെ ദേവികുളം എസ്. ഐ ദിലീപ് കുമാര്‍ അറസ്റ്റ് ചെയ്തു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലുടനീളം പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്‌റ്റേറ്റ് മേഘലയിലും നിരീക്ഷണം ശക്തമാക്കിയത്. കൊരണ്ടിക്കാട്ടിലെ പിച്ചൈമണി സ്ഥിരിമായി മദ്യം വില്‍ക്കുന്നതായി കണ്ടെത്തിയെങ്കിലും തെളിലുകള്‍ ലഭിച്ചിരുന്നില്ല. 

ഒരുമാസമായി ഇയാളെ നിരീക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ മദ്യം സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വേഷം മാറിയാണ് പൊലീസ് ഇയാളെ പിടികൂടിയതെന്ന് എസ്ഐ പറഞ്ഞു. സ്‌റ്റേഷനിലെ പൊലീസ് സംഘം വിവിധ ഗ്രൂപ്പുകളിയി തിരിഞ്ഞാണ് പരിശോധനകള്‍ നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും.