കോട്ടക്കൽ: കോട്ടക്കൽ എടരിക്കോട്ട്  മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി. ബംഗളൂരുവിൽ നിന്ന് എത്തിച്ച പുകയില ഉത്പ്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. തെയ്യാല തൊട്ടിയിൽപരേക്കാട്ടിൽ മൊയ്തീൻകുട്ടി (50), കൈതക്കാട്ടിൽ സന്തോഷ് (40) എന്നിവരെയാണ് കോട്ടക്കൽ എസ്.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

ബംഗളൂരു ബസിൽ എടരിക്കോട് എത്തിയതായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. ബസിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. എസ്.ഐ ഹരിദാസ്, സിവിൽ പൊലീസ് ഓഫിസർമാരായ അസീസ്, ശശി കുണ്ടറക്കാട്, സഞ്ജീവ്, സജി അലക്സാണ്ടർ, ഷൈജു എന്നിവരും എസ്.ഐക്കൊപ്പമുണ്ടായിരുന്നു.