ഫോൺ ചാർജ് ചെയ്യണമെന്ന് പറഞ്ഞാണ് പ്രദീപ് ഓഫിസിൽ എത്തിയത്. വീട്ടിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളായി വൈദ്യുതി ഇല്ലെന്ന് പറഞ്ഞ് പായ വിരിച്ച് ഓഫിസിനുള്ളിൽ കിടക്കുകയായിരുന്നു...
ഹരിപ്പാട്: കെഎസ്ഇബി ഓഫിസിൽ പായ വിരിച്ചു കിടന്നു പ്രതിഷേധിച്ച യുവാവിനെതിരെ പൊലീസിൽ പരാതി. കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ച് കയറി ജോലി തടസ്സപ്പെടുത്തി എന്നു കാണിച്ചാണ് കുറിച്ചിക്കൽ സ്വദേശി പ്രദീപിനെതിരെ കരുവാറ്റ അസിസ്റ്റൻ്റ് എഞ്ചിനീയർ ഹരിപ്പാട് സിഐയ്ക്ക് പരാതി നൽകിയത്. രണ്ട് ദിവസം വൈദ്യുതി തടസ്സമുണ്ടായതിനെ തുടർന്ന് കരുവാറ്റ വടക്ക് കെഎസ്ഇബി ഓഫീസിലെത്തി പ്രദീപ് പായും തലയിണയും വിരിച്ചു കിടന്നു പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ മേഖലയിൽ കാറ്റും മഴയും കാരണം വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഫോൺ ചാർജ് ചെയ്യണമെന്ന് പറഞ്ഞാണ് പ്രദീപ് ഓഫിസിൽ എത്തിയത്. വീട്ടിൽ പോയി ഫോൺ ചാർജ് ചെയ്താൽ മതിയെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളായി വൈദ്യുതി ഇല്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫിസിനുള്ളിൽ കിടക്കുകയായിരുന്നു. വൈദ്യുതി ഉടൻ എത്തുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതിനെ തുടർന്നാണ് കുറച്ചു സമയത്തിനു ശേഷം പ്രതിഷേധം അവസാനിപ്പിച്ചത്.
തകഴി ഫീഡറിൽ നിന്നാണ് കരുവാറ്റ സെക്ഷൻ പരിധിയിലുള്ള ഈ ഭാഗത്ത് വൈദ്യുതി വിതരണം ചെയ്യുന്നത്. പുഞ്ചയിലൂടെയുള്ള ഫീഡറിലെ 11 കെവി ലൈനിൽ ശക്തമായ മഴയിലും കാറ്റിലും രണ്ടു ദിവസം തകരാർ സംഭവിച്ചിരുന്നു. പാടശേഖരങ്ങളിലൂടെയുള്ള ലൈനായതിനാൽ അവിടെ എത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
