പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുള്ള പുഷ്പമേള കാണാനായി സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി നിരവധിപേരാണ് കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്
തിരുവനന്തപുരം: രണ്ടാഴ്ചക്കാലം കനകക്കുന്നിൽ പൂക്കളുടെ നിറവസന്തം വിരിയിച്ച വസന്തോത്സവം പുഷ്പമേളയ്ക്ക് ജനുവരി 05 ന് കൊടിയിറക്കം. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുള്ള പുഷ്പമേള കാണാനായി സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി നിരവധിപേരാണ് കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്.
വസന്തോത്സവത്തെക്കുറിച്ച് സംഘാടകര്‍ക്ക് പറയാനുള്ളത്
രണ്ടാഴ്ചക്കാലം കനകക്കുന്നിൽ പൂക്കളുടെ നിറവസന്തം വിരിയിച്ച വസന്തോത്സവം പുഷ്പമേളയ്ക്ക് ജനുവരി 05 ന് കൊടിയിറക്കം. നടവഴികളും ഇടവഴികളും പൂത്തുലഞ്ഞു നിൽക്കുന്നതു കാണാൻ പതിനായിരക്കണക്കിനു പേരാണ് കനകക്കുന്നിലെത്തിയത്. പ്രകൃതിയെ സ്‌നേഹിക്കാനും പരിപാലിക്കാനുമുള്ള സന്ദേശം നൽകിക്കൊണ്ട് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് മേള സംഘടിപ്പിച്ചത്. കനകക്കുന്ന് കവാടം മുതൽ സൂര്യകാന്തി വരെ ഇരുപതിനായിരത്തിൽപരം പൂക്കളും സസ്യലോകത്തെ അത്യപൂർവങ്ങളായ ചെടികളും സന്ദർശകരെക്കാത്ത് ഇപ്പോഴും ചുറുചുറുക്കോടെ നിൽക്കുന്നുണ്ട്. പ്രദർശനത്തിനെത്തിച്ച പൂക്കളുടേയും ചെടികളുടേയും കൃത്യമായ പരിചരണത്തിന് ടൂറിസം വകുപ്പ് പ്രത്യേക ശ്രദ്ധനൽകുന്നു. ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കൾ, റോസ്, അലങ്കാരച്ചെടികൾ, കള്ളിമുള്ള് ഇനങ്ങൾ, അഡീനിയം, ബോൺസായ്, നെപ്പന്തസ് എന്നിങ്ങനെ നീളുന്നു സസ്യലോകത്തെ വർണ വൈവിധ്യം.
പുഷ്പമേള, പുഷ്പ പ്രദർശന അലങ്കാര മത്സരങ്ങൾ, കാർഷിക പ്രദർശന മേള, ഔഷധ സസ്യ പ്രദർശനം, ഉൽപ്പന്ന വിപണന മേള, വനക്കാഴ്ചകൾ, 20 ഇരുപത് പൈതൃക ഗ്രാമങ്ങളിൽ നിന്നുള്ള കരകൗശല ഉൽപ്പന്നങ്ങൾ, ഭക്ഷ്യമേള എന്നിവ വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇവയെ കഴിഞ്ഞ പതിനാറുനാൾ അനന്തപുരി ഏറെ ആസ്വദിക്കുകയും ചെയ്തു. ഗവൺമെൻറ് സെക്രട്ടറിയേറ്റ്, മ്യൂസിയം ആന്റ് സൂ, കാർഷിക കോളേജ്, ജവഹർലാൽ നെഹ്രു ബൊട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായ് സ്‌പേസ് സെൻറർ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വന ഗവേഷണ കേന്ദ്രം, കിർത്താഡ്‌സ്, നിയമസഭാ മന്ദിരം, ഡിപ്പാർട്ട്‌മെൻറ് ഓഫ് ബോട്ടണി, കേരള യൂണിവേഴ്‌സിറ്റി, പൂജപ്പുര ആയുർവ്വേദ ഗവേഷണ കേന്ദ്രം, തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്‌സറികളും നിരവധി വ്യക്തികളും പുഷ്പമേളയിൽ പങ്കെടുത്തു.
പൂന്തോട്ട നഗരിയായ ബാംഗ്ലൂരിൽ നിന്നുള്ള പുഷ്പാലങ്കാര വിദഗ്ധർ ഒരുക്കിയ സബർമതി ആശ്രമത്തിന്റെയും ജടായു പാർക്കിന്റെയും പുഷ്പാലംകൃത മാതൃക മേളയുടെ പ്രധാന ആകർഷണമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ഫ്േളാറൽ ഇൻസ്റ്റലേഷൻ സജ്ജമാക്കിയത്. ജവഹർലാൽ നെഹ്രു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കിയ ഓർക്കിഡ് ചെടികളുടെ പ്രദർശനം, മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ ജലസസ്യങ്ങൾ, ടെറേറിയം എന്നിവയുടെ അപൂർവ്വ കാഴ്ചകൾ, കിർത്താഡ്‌സ് ഒരുക്കിയ ഗോത്രവർഗ്ഗ സംസ്‌കാരം എന്നിവ ഇത്തവണയും മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളായി.
അഡീനിയം, കാക്ടസ് ചെടികളുടെ വൻശേഖരവും കാഴ്ചക്കാരിൽ കൗതുകമുണർത്തി .പുഷ്പ ഭംഗി ആസ്വദിക്കുന്നതിനൊപ്പം അവ വാങ്ങാനും വനക്കാഴ്ചകൾ, ജലസസ്യങ്ങൾ, ഗോത്ര ജീവിതം എന്നിവ നേരിട്ടു കാണാനും നിരവധി പേരാണ് കനകക്കുന്നിൽ എത്തിയത്. കേരളത്തിന്റെ തനതു രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയ ഭക്ഷ്യമേളയും ഗോത്രവർഗ്ഗ ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത്തിയ ഗോത്ര ഭക്ഷ്യമേളയും സന്ദർശകരിൽ പുതുയുണർത്തി. ഇന്നും പതിവുപോലെ രാവിലെ പത്തിന് പ്രവേശനം ആരംഭിക്കും. വൈകിട്ട് ആറുമണിക്ക് കനകക്കുന്ന് കൊട്ടാരത്തിനു സമീപം നടക്കുന്ന സമാപന സമ്മേളനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വസന്തോത്സവത്തിൽ വിവിധയിനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടക്കും.
തുളസിയിലുമുണ്ട് വെറൈറ്റി
മസാല തുളസി, ഗ്രാമ്പൂ തുളസി, മധുരതുളസി, സുഗന്ധ പെപ്പർമിൻറ് തുളസി, ഭസ്മ തുളസി, അയമോദക തുളസി, കാട്ടുതുളസി, കുഴിമുണ്ടാൻ തുളസി, നാരകതുളസി, കൃഷ്ണ തുളസി, മിന്റ് തുളസി എന്നിങ്ങനെ വെറൈറ്റി തുളസികളെ കണ്ടിട്ടുണ്ടോ... വസന്തോത്സവത്തിൽ ഇതിനും അവസരമുണ്ട്. കൃഷി വകുപ്പിന്റെ സ്റ്റാളിലാണ് വിവിധയിനം തുളസികളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. രൂക്ഷ സുഗന്ധമുള്ള പെപ്പർ മിന്റാണ് തുളസികളിലെ റാണി. ഗൃഹത്തിലെ ഡോക്ടർ എന്നും വിളിപ്പേരുണ്ട്. തേൾ-ചിലന്തി വിഷത്തിനും ജലദോഷം-ചുമ എന്നീ കഫജന്യ രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് കൃഷ്ണതുളസി. ഗ്യാസ് ട്രബിൾ, ബോധക്ഷയം, സന്ധി വീക്കം, തലവേദന തുടങ്ങിയ രോഗങ്ങൾക്കുള്ള ഒറ്റ മൂലിയാണ് പെപ്പർ മിന്റ് തുളസി. പഴുത്ത നാരങ്ങയുടെ രുചിയുള്ള നാരകതുളസി കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉത്തമമാണ്. ഉദരസംബന്ധമായ രോഗങ്ങൾക്ക് ഭസ്മ തുളസി കഷായമാണ് ബെസ്റ്റ്. ഇത്തരത്തിൽ തുളസിയെക്കുറിച്ചുള്ള അമൂല്യ അറിവുകളും ഇവിടെ നിന്നും ലഭിക്കും.
അറിവ് പകർന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്റ്റാൾ
വസന്തോത്സവ നഗരിയിൽ എത്തുന്നവർക്ക് അറിവ് പകർന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്റ്റാൾ. കൃഷി വകുപ്പിന്റെ പവലിയനിലാണ് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സ്റ്റാൾ പ്രവർത്തിക്കുന്നത്. കൃഷി-മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പുകളുടെ വിപുലീകരണവും വികസന പ്രവർത്തനങ്ങളും കാര്യക്ഷമാക്കുന്നതിനാവശ്യമായ സമ്പൂർണ വിവര പിന്തുണ നൽകുന്ന ഏക നോഡൽ ഏജൻസിയാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ. സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാർഷിക സമൂഹത്തെ സഹായിക്കുന്നതിനുവേണ്ട പ്രചാരണ പ്രവർത്തനവും ബ്യൂറോയുടെ നേതൃത്വത്തിൽ നടക്കുന്നു.സ്റ്റാളിൽ എത്തുന്നവർക്ക് ഈ മൂന്നു വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള അവബോധം ലഭിക്കുന്നു.കാർഷികരംഗത്ത് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട ബോധവത്കരണവും അധികൃതർ നൽകുന്നുണ്ട്.പരിമിതമായ സ്ഥലത്ത് ചെയ്യാവുന്ന കൃഷിരീതികളെക്കുറിച്ച് അടുത്തറിയാനും ഇവിടെ അവസരമുണ്ട്. കൃഷി,മൃഗസംരക്ഷണം,ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സംയുക്ത പ്രസിദ്ധീകരണമായ 'കേരള കർഷകന്റെ' വാർഷിക വരിക്കാരാവാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധരുടെ പംക്തികൾ ഉൾപ്പെടുന്ന പ്രസിദ്ധീകരണത്തിന്റെ വാർഷിക വരിസംഖ്യ വെറും 100 രൂപയാണ്.കേരള കർഷകന്റെ മലയാളം,ഇംഗ്ലീഷ് എഡിഷനുകൾ ലഭ്യമാണ്.
വൈൽഡ് ഓർണമെൻറൽ സസ്യങ്ങളുടെ വമ്പൻ ശേഖരം
അലങ്കാര സസ്യങ്ങളിൽ വ്യത്യസ്ഥ ഇനമാണ് വൈൽഡ് ഓർണമെൻറൽ സസ്യങ്ങൾ. കാട്ട് കനകാംബരം, നാങ്ക്, മലവൂരം, കൽകുളി തുടങ്ങി ഈ വിഭാഗത്തിലെ 15 ഓളം ഇനങ്ങളുടെ പ്രദർശനമൊരുക്കിയിരിക്കുകയാണ് വസന്തോത്സവം പുഷ്പമേളയിൽ. ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനാണ് വൈൽഡ് ഓർണമെൻറൽ സസ്യങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇല, തടി എന്നിവയുടെ ഭംഗി, വിവിധ നിറത്തിലുള്ള പൂക്കൾ, നിറം, എന്നിവയാണ് ഇത്തരം സസ്യങ്ങളെ ആകർഷകമാക്കുന്നത്. ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്. വംശനാശ ഭീഷണി നേരിടുന്ന ഈ സസ്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ആളുകളിലേക്ക് ഈ ചെടികൾ എത്തിച്ച് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പ്രത്യേകമായ പരിചരണം ആവശ്യമില്ലെന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത. വൈൽഡ് ഓർണമെന്റൽ വിഭാഗത്തിൽപ്പെട്ട 600 ഓളം ചെടികളാണ് ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനിലുള്ളത്. മിതമായ നിരക്കും ഭംഗിയുമാണ് ആവശ്യക്കാർക്കിടയിൽ ഇവയുടെ മൂല്യം വർധിപ്പിക്കുന്നത്.
