വലിയ ശബ്ദം കേട്ട് വീടിനുള്ളില്‍നിന്ന് കൃഷ്ണമ്മയും കുടുംബവും പുറത്തിറങ്ങിയപ്പോഴാണ് ഗുണ്ട് പൊട്ടിയതാണെന്ന് വ്യക്തമായത്. സംഭവ സമയം രണ്ട് ബൈക്കുകള്‍ ഇവിടെ നിന്ന് ഓടിച്ചു പോയതായി കണ്ടുവെന്നും പ്രസിഡന്‍റ് പറഞ്ഞു. 

ആലപ്പുഴ: ചെട്ടിക്കുളങ്ങര പഞ്ചായത്ത് പ്രസിഡന്‍റിന്‍റ് സി കൃഷ്ണമ്മയുടെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വീടിന് നേരെ ഗുണ്ട് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. വലിയ ശബ്ദം കേട്ട് വീടിനുള്ളില്‍നിന്ന് കൃഷ്ണമ്മയും കുടുംബവും പുറത്തിറങ്ങിയപ്പോഴാണ് ഗുണ്ട് പൊട്ടിയതാണെന്ന് വ്യക്തമായത്. സംഭവ സമയം രണ്ട് ബൈക്കുകള്‍ ഇവിടെ നിന്ന് ഓടിച്ചു പോയതായി കണ്ടുവെന്നും പ്രസിഡന്‍റ് പറഞ്ഞു. 

ഒരുമാസത്തിന് മുമ്പ് കൃഷ്ണമ്മയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് ആയുധ ശേഖരവും കണ്ടെത്തിയിരുന്നു. ആളില്ലാതെ കിടക്കുന്ന വീടിന്‍റെ ശുചിമുറിയില്‍ നിന്ന് പെട്രോള്‍ ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ ഉള്‍പ്പടെയുള്ളവയാണ് കണ്ടെത്തിയത്. സംഭവത്തില്‍ മാവേലിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.