പെൺസുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം സ്വദേശി സമ്പത്തിനെ, ദില്ലിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിൽ വെച്ചാണ് വടകര പൊലീസ് പിടികൂടിയത്.
കോഴിക്കോട്: പെൺസുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ് സമ്പത്തി(30)നെയാണ് കോഴിക്കോട് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ സുഹൃത്തായ യുവതി വിദേശത്തായതിനാല്‍ തന്റെ മക്കളെ നോക്കാനായി സമ്പത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം താമസം തുടങ്ങിയ ഇയാള്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവരെ പീഡിപ്പിച്ചു വരികയാണെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. കുട്ടികളുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ ദില്ലിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ബെംഗളൂരു, മൈസൂര്‍, ദില്ലി എന്നിവിടങ്ങളിലും കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ മൊകേരി, വടകര, തട്ടോളിക്കര, പേരമ്പ്ര എന്നിവിടങ്ങളിലും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്. വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ രഞ്ജിത്ത്, എഎസ്‌ഐമാരായ ഗണേശന്‍, സിജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
