മാന്നാര്‍: മാന്നാറില്‍ സ്വകാര്യ ബസ് ജീവനകാരനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. തിരുവല്ല  കായംകുളും റൂട്ടിലെ എ വി എസ് ബസിലെ ക്ലീനര്‍ പ്രിന്‍സിനാണ് (21)  മര്‍ദ്ദനമേറ്റത്. ഇയാള്‍ മാവേലിക്കര ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച (ഇന്നലെ )കുഞ്ഞുമായി ബസില്‍ കയറിയ സ്ത്രീക്ക് ഇരിക്കാന്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കണമെന്ന് പറഞ്ഞതിനാണ് മര്‍ദ്ദിച്ചതെന്ന് പ്രിന്‍സ് പറഞ്ഞു. 

ഇന്ന് രാവിലെ ഏഴ് മണിയോടെ ചെന്നിത്തല കല്ലുംമൂട് ജംഗ്ഷന് സമീപം ഒരു സംഘം ആളുകള്‍ ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിനെ മാവേലിക്കര ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് കായംകുളം തിരുവല്ല സംസ്ഥാന പാതയില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. വൈകിട്ട് 4.30ന് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.