പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രഫ.വി. അരവിന്ദാക്ഷന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രസിദ്ധ ചരിത്രകാരി ഡോ. റൊമില ഥാപ്പര്‍ക്ക് സമ്മാനിക്കും. 50,000 രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ ചേര്‍ന്നതാണ് പുരസ്‌കാരം. മുന്‍ വര്‍ഷങ്ങളില്‍ പ്രശസ്തകവി സച്ചിദാനന്ദന്‍, പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയിട്ടുള്ളത്.
തൃശൂര്‍: പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രഫ.വി. അരവിന്ദാക്ഷന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രസിദ്ധ ചരിത്രകാരി ഡോ. റൊമില ഥാപ്പര്‍ക്ക് സമ്മാനിക്കും. 50,000 രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ ചേര്‍ന്നതാണ് പുരസ്‌കാരം. മുന്‍ വര്‍ഷങ്ങളില്‍ പ്രശസ്തകവി സച്ചിദാനന്ദന്‍, പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയിട്ടുള്ളത്. ചരിത്രഗവേഷക, അധ്യാപിക, പ്രഭാഷക, എഴുത്തുകാരി എന്നീ നിലകളില്‍ ലോകമെമ്പാടും അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഡോ. റൊമില ഥാപ്പര്‍ ഇപ്പോഴും സാമൂഹികപ്രശ്നങ്ങളില്‍ വളരെ സക്രിയമായും സര്‍ഗാത്മകമായും ഇടപെടുന്ന വ്യക്തിത്വമാണ്.
ഇന്ത്യാചരിത്രത്തിലെ പ്രാചീന-മധ്യകാലങ്ങളെപ്പറ്റി ആധികാരികമായ പഠനങ്ങളാണ് ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രാചീന ഇന്ത്യന്‍ സമൂഹങ്ങളിലും സംസ്‌കാരങ്ങളിലും നിലനിന്നിരുന്ന ബഹുസ്വരതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഗ്രന്ഥങ്ങള്‍ വിദേശങ്ങളിലടക്കം നിരവധി സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളായി അംഗീകാരം നേടി. ജാതിവ്യവസ്ഥയെപ്പറ്റിയും ആര്യ-മൗര്യ കാലഘട്ടത്തെപ്പറ്റിയും നടത്തിയ ഗവേഷണങ്ങള്‍ ഏറെ ആശയസംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. പരമ്പരാഗതധാരണകളെ തിരുത്തിക്കുറിച്ച പുസ്തകങ്ങള്‍ വര്‍ഗീയഫാസിസ്റ്റുകളുടെ വെല്ലുവിളികള്‍ നേരിടുകയുണ്ടായി.
1931-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ലക്നൗവിലാണ് ജനനം. അച്ഛന്‍ ആര്‍മി ഡോക്ടര്‍ ആയിരുന്നതിനാല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കേണ്ടിവന്നു. പൂനെ വാഡിയ കോളേജില്‍ നിന്നാണ് ഇന്റര്‍മീഡിയറ്റ് പാസ്സായത്. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടി. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ ഡോ.എ.എല്‍.ബാഷാമിന്റെ കീഴില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി. കൊല്‍ക്കത്ത യൂണിവേഴ്സിറ്റി, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, എഡിബര്‍ഗ് യൂണിവേഴ്സിറ്റി, ഹൈദ്രാബാദ് യൂണിവേഴ്സിറ്റി, ചിക്കാഗോ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, കോര്‍നെല്‍ യൂണിവേഴ്സിറ്റി, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി, എന്നിവിടങ്ങളില്‍ പ്രൊഫസറായും വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിച്ചു. പ്രസിദ്ധമായ ജവഹര്‍ലാല്‍ നെഹ്റു ഫെല്ലോഷിപ്പും ക്ലൂജി പ്രൈസും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട്. 1992-ലും 2005-ലും പദ്മഭൂഷന്‍ ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നിരസിച്ചു. അക്കാദമിക സ്ഥാപനങ്ങള്‍ നല്‍കുന്നതോ തന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ടതോ ആയ അവാര്‍ഡുകളേ സ്വീകരിക്കുകയുള്ളു എന്ന് പറഞ്ഞുകൊണ്ടാണ് പദ്മപുരസ്‌കാരം നിരസിച്ചത്. മതേതരത്വവും ജനാധിപത്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും നേരിടുന്ന ഭീഷണികള്‍ക്കെതിരെ ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്ന ആക്ടിവിസ്റ്റ് കൂടിയാണ് അവര്‍. നിരവധി പരിഭാഷാഗ്രന്ഥങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് റൊമില ഥാപ്പര്‍.
എം.എ.ബേബി ചെയര്‍മാനും ഡോ.കെ.സച്ചിദാനന്ദന്‍, ഡോ.കെ.പി.മോഹനന്‍, പ്രഫ.സി.വിമല, ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റൊമില ഥാപ്പറെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഈ വര്‍ഷത്തെ പ്രഫ. അരവിന്ദാക്ഷന്‍ അനുസ്മരണവും സ്മാരകപ്രഭാഷണവും ഒക്ടോബര്‍ 17ന് അഞ്ച് മണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. ജനാധിപത്യം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ദേശാഭിമാനി മുഖ്യപത്രാധിപര്‍ പി. രാജീവ് സ്മാരകപ്രഭാഷണം നടത്തും. ശ്രീകേരളവര്‍മ്മ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ആര്‍. ഗോപാലകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നിര്‍വഹിക്കും. പ്രബന്ധ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വിതരണം ചെയ്യും. പ്രശസ്തഗായകരുടെ പ്രിയഗാനങ്ങളുടെ ആലാപനവും ഉണ്ടായിരിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്, അഡ്വ. കെ.രാജന്‍. എം.എല്‍.എ, ദീപ നിശാന്ത് എന്നിവര്‍ പങ്കെടുക്കും.
