തിരുവനന്തപുരം: അസിസ്റ്റന്‍റ് പബ്ലിക് പ്രോസ്ക്യൂട്ടര്‍ ഒഴിവുകളിലേക്ക് പി എസ് സി നടത്തിയ പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഒരേ ഗൈഡില്‍ നിന്നെന്ന ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. ജനുവരി 22നായിരുന്നു പരീക്ഷ നടന്നത്. യൂണിവേഴ്സല്‍ പബ്ലിക്കേഷന്‍റെ വിനയ് കുമാര്‍ ഗുപ്ത എന്നയാള്‍ തയ്യാറാക്കിയ ഗൈഡില്‍ നിന്നാണെന്നാണ് ആക്ഷേപം. ജുഡീഷ്യല്‍ സര്‍വ്വീസുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കായുള്ളതാണ് ഈ  ഗൈഡ്.

അസിസ്റ്റന്‍റ് പബ്ലിക് പ്രോസ്ക്യൂട്ടര്‍ ഒഴിവുകളിലേക്ക് പി എസ് സി നടത്തിയ പരീക്ഷയില്‍ എണ്‍പത് ചോദ്യങ്ങള്‍ ഈ ഗൈഡില്‍ നിന്ന് തന്നെ വന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ചോദ്യങ്ങള്‍ക്ക് പേരിന് പോലും മാറ്റമില്ലെന്നാണ് പരാതി. ഇത് ചൂണ്ടിക്കാണിച്ച് പി എസ് സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവര‍ഞ്ജിത് അടക്കമുള്ള എസ് എഫ് ഐ നേതാക്കള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ ആദ്യമെത്തിയതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് പി എസ് സി നേരിട്ടത്. തട്ടിപ്പ് നടത്തിയെന്ന് പി എസ് സി വിജിലന്‍സ് കണ്ടത്തിയതോടെ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ റാങ്ക് പട്ടികയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനമായിരുന്നു.