കേസ് തുടരണോ എന്നത് പുനഃപരിശോധിക്കുമെന്ന്  പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: കൊച്ചിയിൽ നിന്നും ഹെൽമറ്റിൽ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചെന്ന് പെറ്റ് ഷോപ്പ് ഉടമ. കേസ് തുടരണോ എന്നത് പുനഃപരിശോധിക്കുമെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് പ്രതികൾക്കും കൗൺസിലിംഗ് നൽകണമെന്നും കൊച്ചി പൊലീസിന് നന്ദിയറിക്കുന്നുവെന്ന് മുഹമ്മദ് ബാഷിത്ത് കൂട്ടിച്ചേര്‍ത്തു.

കേസിൽ രണ്ട് കർണ്ണാടക സ്വദേശികളെയാണ് ഇന്നലെ പൊലീസ് പിടികൂടിയത്. ഉഡുപ്പിയിലെ കർക്കാലയിൽ നിന്നാണ് എൻജിനീയറിംഗ് വിദ്യാർ‍ത്ഥികളായ നിഖിലും ശ്രേയയും പിടിയിലായത്. പട്ടിക്കുട്ടിയെയും പൊലീസ് കണ്ടെത്തി. കർണ്ണാടകയിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളായ നിഖിലും നേഹയും പട്ടിക്കുട്ടിയെ ഹെൽമറ്റിലൊളിപ്പിച്ച് ബൈക്കിൽ ഉഡുപ്പി കർക്കാലയിലെക്കാണ് കടത്തിയത്. പനങ്ങാട് സ്റ്റേഷനിലെ എസ്എഐമാരായ ജിൻസണ്‍ ഡോമിനിക്കിന്‍റെയും ജി ഹരികുമാറിന്‍റെയും നേതൃത്വത്തിലുള്ള സംഘം ഇവരെ തെരഞ്ഞെത്തുമ്പോൾ കാണുന്നത് പട്ടിക്കുട്ടിയെ കളിപ്പിക്കുന്ന ശ്രേയയും നിഖിലിമെയുമായിരുന്നു. ഒപ്പം കുറെ പൂച്ചക്കുട്ടികളും ഉണ്ടായിരുന്നു. വളർത്താനാണോ വിൽക്കാനാണോ മോഷണം നടത്തിയത് എന്നതടക്കം അറിയാൻ ഇവരെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.

Also Read: കൊച്ചിയില്‍ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ചെന്ന കേസ്,എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തുന്നത്. പിന്നീട് വൈറ്റിലയിലെ കടയിൽ നിന്നും തീറ്റവാങ്ങിയിരുന്നു.പെറ്റ് ഷോപ്പ് ഉടമയുടെ പരാതിക്ക് പിന്നാലെ സിസിറ്റിവി ദൃശ്യങ്ങളും ഫോണ്‍ ട്രാൻസാക്ഷനുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബൈക്കിലാണ് ഉഡുപ്പിയിൽ നിന്നും നിഖിലും ശ്രേയയും കൊച്ചിയിലെത്തിയത്.