ആലപ്പുഴ: ഓഫീസിൽ കൃത്യമായി ഹാജരാകാതെ മുങ്ങി നടന്ന പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍. ചേർത്തല കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ഡി മുരളീധരനെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ നിർദ്ദേശ പ്രകാരം സസ്പെന്റ് ചെയ്തത്. 

ചേർത്തല അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിൽ മുരളീധരന്‍ ഹാജരാകാതെ മുങ്ങി നടക്കുകയാണെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥന്‍ സമയത്തിന് ഓഫീസില്‍ എത്താത്തതിനാല്‍ ഓഫീസ് പ്രവർത്തനം തടസ്സപ്പെടുന്നുവെന്ന വിവരം മന്ത്രിയ്ക്ക് ലഭിച്ചു. വിവരം അറിഞ്ഞ ഉടൻ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

അന്വേഷണത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ സമയബന്ധിതമായി റിപ്പോർട്ടുകളും എസ്റ്റിമേറ്റുകളും സമർപ്പിക്കുന്നില്ല എന്നും സൈറ്റുകളിൽ കോൺക്രീറ്റിനു പോലും മേൽനോട്ടം വഹിക്കുന്നില്ല എന്നും വ്യക്തമായി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുരളീധരനെ അടിയന്തിരമായി സസ്പെൻറ് ചെയ്യാൻ മന്ത്രി നിർദ്ദേശം നൽകിയത്.