നേരത്തെ സംഭവമന്വേഷിച്ച് കരാർ കമ്പനിക്ക് പിഴവുണ്ടായില്ലെന്ന എക്സിക്യുട്ടീവ് എഞ്ചിനിയറുടെ റിപ്പോർട്ട് മന്ത്രി തള്ളിയിരുന്നു

കോഴിക്കോട്: താമരശ്ശേരി മുക്കത്ത് കൽവർട്ട് നിർമാണത്തിന് എടുത്ത വലിയ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദ്ദേശം. ഉദ്യോഗസ്ഥക്കും കരാർ കണ്‍സൾട്ടൻസിക്കും ഉണ്ടായ വീഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തിനാണ് മന്ത്രി നിർദ്ദേശം നൽകിയത്. നേരത്തെ സംഭവമന്വേഷിച്ച് കരാർ കമ്പനിക്ക് പിഴവുണ്ടായില്ലെന്ന എക്സിക്യുട്ടീവ് എഞ്ചിനിയറുടെ റിപ്പോർട്ട് മന്ത്രി തള്ളിയിരുന്നു.

അതിനിടെ അപകടത്തിൽ സുരക്ഷ മാനദണ്ഡം പാലിക്കുന്നതിൽ കരാറുകാർക്കും ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനെതുടർന്ന് കെഎസ്ടിപി കണ്ണൂർ ഡിവിഷൻ അസിസ്റ്റന്‍റ് എഞ്ചിനിയറെ മൂവാറ്റുപുഴ ഡിവിഷനിലേക്ക് സ്ഥലം മാറ്റി. കരാറുകാരായ ശ്രീധന്യ കണ്‍സ്ട്രക്ഷന് സുരക്ഷ മാനദണ്ഡം പാലിക്കാത്തതിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

ബുധനാഴ്ച രാത്രിയാണ് മുക്കം താരമശ്ശേരി റോഡിൽ കൽവർട്ടിനായി എടുത്ത വലിയ കുഴിയിൽ വീണ് ഓമശ്ശേരി സ്വദേശി അബ്ദുൾ റസാഖിന് പരിക്കേറ്റത്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി വെഴുപ്പൂരില്‍ ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഉണ്ണികുളം എകരൂല്‍ സ്വദേശി അബ്ദുല്‍ റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ തുടയെല്ലിന് പൊട്ടലേല്‍ക്കുകയും ശരീരമാസകലം പരിക്കുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

'നടുറോഡില്‍ വമ്പന്‍ കുഴി'; കലുങ്കിനുവേണ്ടിയെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

റസാഖ് സഞ്ചരിച്ച ബുള്ളറ്റ് കുഴിയില്‍ വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അപകട വിവരം നാട്ടുകാര്‍ അറിയുന്നത്. ബുധനാഴ്ച സന്ധ്യയോടെയാണ് ഇവിടെ കൽവർട്ട് പുനർ നിർമ്മിക്കാനായി കുഴിയെടുത്തത്. വീതി കുറഞ്ഞ റോഡിന്‍റെ പകുതി ഭാഗങ്ങളാണ് കലുങ്കിനായി കുഴിയെടുത്തത്. അപകടം നടന്ന സ്ഥലത്ത് റിഫ്ളക്ടറുകളോ മറ്റ് മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാതെ വെറുമൊരു റിബണ്‍ മാത്രം വലിച്ച് കെട്ടിയ നിലയിലായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ പ്രകാശത്തില്‍ ഒന്നും കാണാനാവാതെ അബ്ദുള്‍ റസാഖ് നേരെ കുഴിയില്‍ പതിക്കുകയായിരുന്നു.