ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് ഒന്നാം വർഷ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം കളംന്തോട് എംഇഎസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്ന പരാതിയില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുന്ദമംഗലം പൊലീസാണ് വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആറു പേരും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ്. നൗഷിൽ റഹ്മാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് അജ്നാസ്, മുഹമ്മദ് അനസ്, മുഹമ്മദ് ജാസിം, മുഹമ്മദ് ഷഫീർ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് ഒന്നാം വർഷ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിനെ സീനിയർ‍ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആറു സീനിയര്‍ വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി കോളേജ് അധികൃതര്‍ സസ്പെന്‍റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കമ്മിറ്റിയെ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. പരാതി കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ക്കു കൈമാറും.

'ഇൻസ്റ്റ പോസ്റ്റ് നീക്കൂ, ഇല്ലെങ്കിൽ വൃത്തിക്ക് കാണാം', ചാത്തമംഗലം MES കോളജിൽ ഭീഷണിയും റാഗിങ് മർദ്ദനവും

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews