110 ഏക്കര്‍ ഭൂമി റെയില്‍വേയുടെ കൈവശമുള്ളതിനാല്‍ സ്ഥലമേറ്റെടുക്കേണ്ട കാര്യമില്ല എന്നതാണ് പദ്ധതിക്ക് ഏറ്റവും അനുകൂലമായ ഘടകം. 15 പ്ലാറ്റ്ഫോമുകളും ആറ് പിറ്റ്ലൈനുകളുമായി വമ്പന്‍ ടെര്‍മിനലാണ് ഇപ്പോള്‍ വിഭാവന ചെയ്തിരിക്കുന്നത്. 

കൊച്ചി: എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കുന്നതിനുള്ള സാധ്യത പഠനം നടത്താൻ ദക്ഷിണ റെയിൽവേ നടപടി തുടങ്ങി. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ കൂടി പഠിച്ചതിന് ശേഷം മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സാധ്യത പഠനത്തിന് മുന്നോടിയായി റെയിൽവേ ഉദ്യോഗസ്ഥർ എറണാകുളം എംപി ഹൈബി ഈഡനുമായി ചര്‍ച്ച നടത്തി. 

വളരുന്ന കൊച്ചിയെ ഉൾക്കൊള്ളാൻ നിലവിലെ നോർത്ത് - സൗത്ത് റെയിൽവേ സ്റ്റേഷനുകൾ പര്യാപ്തമല്ല എന്നത് നീണ്ട നാളത്തെ പരാതിയാണ്. 
നോര്‍ത്ത്-സൗത്ത് സ്റ്റേഷനുകളിലെ സ്ഥലപരിമിതി മൂലം പുതിയ സര്‍വ്വീസുകള്‍ എറണാകുളത്ത് നിന്നും തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. 

ഈ സാഹചര്യത്തിലാണ് പൊന്നുരുന്നിയിലെ മാര്‍ഷല്ലിംഗ് യാര്‍ഡില്‍ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള നൂറ് ഏക്കർ ഭൂമിയിൽ പുതിയ ടെർമിനൽ നിർമ്മിക്കാൻ ആലോചിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ഹൈബി ഈഡൻ എംപി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ടിരുന്നു. തുടർന്ന് വിശദമായ രൂപരേഖ തയ്യാറാക്കാൻ ദക്ഷിണ റെയിൽവേക്ക് മന്ത്രി നിർദ്ദേശം നൽകി.

ഇന്ത്യൻ റെയിൽവേയേയും കൊച്ചി മെട്രോയേയും വൈറില മൊബിലിറ്റി ഹബ്ബിനേയും ഭാവിയിൽ കൊച്ചി വാട്ടർ മെട്രോയേയും ചേർത്തു പിടിക്കുന്ന ഒരു മൾട്ടി മോഡൽ ട്രാൻസ്പോർട്ടേഷൻ സിസ്റ്റം കൊച്ചിക്ക് സ്വന്തമാകുന്ന പദ്ധതി കൂടിയാണിത് - റെയിൽവെ ഉദ്യോ​ഗസ്ഥരുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം ഹൈബി ഈഡൻ പറഞ്ഞു.

നേമം ടെര്‍മിനലിന്‍റെ വികസനമടക്കം സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനും പ്രധാന തടസ്സമായി പറയുന്നത് സ്ഥലസൗകര്യം ഇല്ല എന്നതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും തമ്മില്‍ വലിയ തര്‍ക്കം നിലനില്‍ക്കുകയാണ്. എന്നാല്‍ എറണാകുളത്തെ നിര്‍ദിഷ്ട റെയില്‍വേ ടെര്‍മിനലിന് പുതുതായി ഭൂമിയേറ്റെടുക്കേണ്ട കാര്യമില്ല. 110 ഏക്കര്‍ ഭൂമി മാര്‍ഷല്ലിംഗ് യാര്‍ഡില്‍ റെയില്‍വേയുടെ കൈവശമുണ്ട്. 

പദ്ധതിക്കായി ഭൂമിയേറ്റെടുക്കേണ്ട കാര്യമില്ലെന്നും പൊതു-സ്വകാര്യപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഹൈബി ഈഡന്‍ എംപി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി ദക്ഷിണറെയില്‍വേക്ക് നിര്‍ദേശം നല്‍കിയത്. ടെര്‍മിനല്‍ പദ്ധതിക്ക് ഭൂമി വേണ്ടെങ്കിലും ടെര്‍മിനലിലേക്കുള്ള അനുബന്ധ ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിന് ആവശ്യമെങ്കിൽ ഭൂമി ഏറ്റെടുക്കുന്ന കാര്യം സർക്കാരുമായി ആലോചിക്കുമെന്ന് ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി. 

 കോട്ടയം പാത ഇരട്ടിപ്പിക്കുകയും, ശബരിമല റെയില്‍പാത നടപ്പാക്കുകയും ചെയ്താല്‍ ഇപ്പോള്‍ ഉള്ളതില്‍ കൂടുതല്‍ തിരക്കാവും എറണാകുളം ജംഗക്ഷനിലുണ്ടാവുക. മധ്യകേരളത്തില്‍ നിന്നും മലബാറിലേക്കും തെക്കന്‍ കേരളത്തിലേക്കും പാസഞ്ചര്‍ സര്‍വ്വീസുകള്‍ ശക്തിപ്പെടുത്താനും പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനും കൂടുതല്‍ പിറ്റ് ലൈനുകളും പ്ലാറ്റ് ഫോമുകളും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ആറ് പിറ്റ്ലൈനുകളും പന്ത്രണ്ട് പ്ലാറ്റ് ഫോമുകളുമായി പുതിയൊരു ടെര്‍മിനല്‍ എറണാകുളത്ത് വിഭാവന ചെയ്യുന്നത്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, വൈറ്റില മൊബിലിറ്റ് ഹബ് എന്നിവയുമായി പദ്ധതിയെ ബന്ധിപ്പിക്കുക കൂടി ചെയ്യുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗതസംവിധാനമാവും കൊച്ചിയില്‍ ഉയരുക.