ഇടുക്കി: എസ്. രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് മകളെ തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജില്‍ വിട്ട് പഠിപ്പിക്കുന്നതിന് എവിടെ നിന്നാണ് 88 ലക്ഷം രൂപ ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി. കുമാര്‍.  മൂന്നാറില്‍ കോഗ്രസിന്‍റെ നേത്യത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡി. കുമാര്‍. ആദിവാസികളുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയാണ് രാജേന്ദ്രന്‍ ആദ്യമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതെന്നും പിന്നീട് ജില്ലാ പഞ്ചായത്ത് അംഗമായതോടെ മൂന്നാര്‍ ഡി.വൈ.എസ്.പി. ഓഫീസിന് സമീപത്ത് പാലം നിര്‍മ്മിക്കുമെന്ന് പ്രചാരണം നടത്തി 25 ലക്ഷം കൈക്കലാക്കിയെന്നും ഡി.കുമാര്‍ ആരോപിച്ചു. 

അവിടെ തന്നെ ചെക്ക് ഡാം നിര്‍മ്മിക്കുന്നതിന് എം.എല്‍.എയായതോടെ ഒന്നരക്കോടി വകയിരുത്തി. ഇതും എംഎല്‍എ കീശയിലാക്കിയെന്ന് ഡി കുമാര്‍ ആരോപിച്ചു. വട്ടവടയില്‍ മാത്യകാ ഗ്രാമത്തിന്‍റെ പേരിലും രാജേന്ദ്രന്‍റെ നേത്യത്വത്തില്‍ അഴിമതി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന് എവിടെ നിന്നാണ് ഇത്രയും പണം  ലഭിച്ചെന്ന് വ്യക്തമാക്കണമെന്നും ഡി. കുമാര്‍ പറഞ്ഞു. 

"

നെഹ്‌റു കുടുംബത്തെ അതിക്ഷേപിച്ച ദേവികുളം എം.എല്‍.എയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് മൂന്നാറില്‍ കോണ്‍ഗ്രസിന്‍റെ നേത്യത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. യോഗം മുന്‍ എം.എല്‍.എ എ.കെ മണി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജന.സെക്രട്ടി ജി. മുനിയാണ്ടി, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സന്‍, സിദ്ദാര്‍ മൊയ്ദ്ദീന്‍, ബാബു കുര്യാക്കോസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പീറ്റര്‍. മണ്ഡലം പ്രസിഡന്‍റുമാര്‍ നിരവധി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.