ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വീണ്ടും ആനയിടഞ്ഞു. റീൽസുകളിലൂടെ പ്രശസ്തനായ മച്ചാട് ഗോപാലൻ എന്ന ആനയാണ് പുലർച്ചെ ഇടഞ്ഞത്. ഇത്തവണത്തെ ഉത്സവത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മച്ചാട് ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന് ശേഷം ദേവസ്വത്തിൻ്റെ തന്നെ സ്ഥലമായ മഹാത്മ ലൈബ്രറിയ്ക്ക് സമീപമുള്ള പറമ്പിൽ തളച്ചിരുന്ന ആനയാണ് ഇടഞ്ഞത്. പറമ്പിലെ തെങ്ങിൽ തളച്ചിരുന്ന ആന തെങ്ങ് മറിച്ചിട്ടു. എലഫൻ്റ് സ്ക്വാഡ് അംഗങ്ങളും പാപ്പാൻമാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമ ഫലമായി ആനയെ തളയ്ക്കുകയായിരുന്നു.
തലകുലുക്കി വേഗത്തിൽ നടക്കുന്ന ആന റീൽസുകളിലൂടെ അടുത്ത കാലത്തായി ഏറെ പ്രസിദ്ധി നേടിയിരുന്നു. ആനയെ ഉടൻ തന്നെ ഇവിടെ നിന്നും മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണത്തെ ഉത്സവത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ഇടയുന്നത്. വെള്ളിയാഴ്ച്ച വാഴ്‌വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയിരുന്നു. അതിന് തൊട്ടടുത്ത ദിവസം ഗുരുവായൂർ ദേവദാസ് എന്ന ആന ഇടഞ്ഞ് പാപ്പാനെ ഓടിച്ചതോടെ ഉത്സവത്തിൽ പങ്കെടുക്കാതെ തിരിച്ച് അയച്ചു. തുടർന്നാണ് ഇന്ന് മച്ചാട് ഗോപാലനും ഇടഞ്ഞത്.



