കോഴിക്കോട്: പക്ഷാഘാതത്തെ തുടര്‍ന്ന് ഓർമ്മ നശിച്ച തമിഴ്നാട് സ്വദേശി പരശുരാമനെ തേടി ബന്ധുവെത്തി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് പൊറ്റമ്മലില്‍ ജോലിക്കിടെയാണ് തമിഴ്നാട് സ്വദേശി പരശുരാമന് പക്ഷാഘാതമുണ്ടായത്. ഒരു വശം തളര്‍ന്നു പോയി. ഓര്‍മ്മകള്‍ക്ക് മങ്ങലുമുണ്ടായി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതോടെ സന്നദ്ധ പ്രവര്‍ത്തകന്‍ മുഖേന ഇദ്ദേഹത്തിന്‍റെ ബന്ധുവെത്തി. തലശേരി ടിസി മുക്കില്‍ ജോലി ചെയ്യുന്ന മാരിമുത്തുവാണ് എത്തിയത്. 

തമിഴ്നാട്ടിലെ തലനത്തം സ്വദേശിയാണ് പരശുരാമനെന്ന് ഇദ്ദേഹം പറഞ്ഞു. ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ സ്വദേശത്തേക്ക് തിരിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ് പരശുരാമന്‍. അധികം വൈകാതെ തന്നെ സഹോദരന്‍ കോഴിക്കോട്ടെത്തും. നീണ്ട അലച്ചിനിനൊടുവില്‍ ഈ 38 വയസുകാരന്‍റെ ബന്ധുക്കളെ കണ്ടെത്തിയ സന്തോഷത്തിലാണ് അഫ്തര്‍ കുറ്റിച്ചിറയെന്ന സന്നദ്ധ പ്രവര്‍ത്തകനും.