ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയപാലത്തിലെ അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ബെയറിങ് മാറ്റലും എക്‌സ്പാന്‍ഷന്‍ ജോയിന്റ് നേരെയാക്കലും പൂർത്തിയായി വരുന്നതിനാൽ, മഴ ശക്തമായില്ലെങ്കിൽ ബുധനാഴ്ചയോടെ പാലം പൂർണമായും ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
തൃശൂര്‍: ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയപാലത്തില്‍ നടക്കുന്ന അറ്റകുറ്റ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക്. പാലം ബുധനാഴ്ചയോടെ പൂര്‍ണമായും തുറന്നു കൊടുക്കാനാകും. പാലത്തിന്റെ ബെയറിങ് മാറ്റുന്ന പ്രവൃത്തി നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്ന് എക്‌സ്പാന്‍ഷന്‍ ജോയിന്‍റ് നേരെയാക്കൽ ആരംഭിച്ചു. ഇതില്‍ കിഴക്കുഭാഗത്തെ അഞ്ച് ജോയിന്റുകള്‍ നേരെയാക്കുന്നത് ഞായറാഴ്ച പൂര്‍ത്തീകരിച്ചു. ഇതില്‍ കോണ്‍ക്രീറ്റിങ് ആരംഭിച്ചിട്ടുണ്ട്.
പടിഞ്ഞാറ് ഭാഗത്തെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ നിർമാണം ഒരാഴ്ച മുമ്പ് പൂര്‍ത്തീകരിച്ചിരുന്നു. മഴ ശക്തമായില്ലെങ്കില്‍ ശേഷിക്കുന്ന കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ചയോടെ പാലം പൂര്‍ണ്ണമായും തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. പഴയ പാലത്തിന്റെ ഒരു ഭാഗത്തു കൂടെ ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിനാല്‍ ദേശീയപാതയില്‍ കാര്യമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നില്ല.
മെയ് 9നാണ് അറ്റകുറ്റ പണികള്‍ക്കായി പാലം അടച്ചത്. 20 ദിവസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. എഴ് സ്പാനുകളിലായി 42 ബെയറിങുകള്‍ മാറ്റുന്നതിനായാണ് പാലം അടച്ചത്. ഇതോടൊപ്പം എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ അറ്റകുറ്റ പണികളും നടത്തേണ്ടതായുണ്ടായിരുന്നു. പ്രധാന ജോലിയായ ബെയറിങ് മാറ്റുന്നത് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്നാണ് എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ പണി ആരംഭിച്ചത്.
