തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടുതകര്‍ന്നു, ആളപായമുണ്ടാകിരുന്നത് വീട്ടുകാരുടെ സമയോചിതമായ നടപടിയെ തുടര്‍ന്ന്. കൊച്ചാലുംമൂട് ഫാരിജാ മന്‍സിലിന്‍റെ വീടാണ് കഴിഞ്ഞ ദിവസം ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് തകര്‍ന്നത്. ഉപയോഗിക്കുന്ന സിലിണ്ടര്‍ കാലിയാവാതിരുന്നതിനാല്‍ പുതിയ ഗ്യാസ് കുറ്റി രണ്ടാമത്തെ അടുക്കളയിലാണ് സൂക്ഷിച്ചിരുന്നത്.

അര്‍ധരാത്രി വന്‍ പൊട്ടിത്തെറി ശബ്ദം കേട്ടതോടെ വീട്ടുകാര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടര്‍ പിളര്‍ന്ന് തെറിച്ച് തീപിടിച്ചു. വീടിന്‍റെ ജനലുകളും കതകുകളും തകര്‍ന്നു, ഭിത്തി പിളര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചു. നാട്ടുകാരാണ് ഓടിയെത്തി തീയണച്ചത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതില്‍ ഗുരുതര സുരക്ഷാ വീഴ്ചയാണ് ആരോപിക്കുന്നത്. ഗ്യാസ് നിറച്ചതിലെ അപാകതകളോ ഗ്യാസ് കുറ്റിയുടെ പഴക്കമോ ഇത്തരം അപകടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍, നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് അസിഫ് പറയുന്നത്. പാങ്ങോട് പൊലീസും കടയ്ക്കല്‍  അഗ്നിശമന സേനയും കിളിമാനൂരില്‍നിന്ന്‌  ഗ്യാസ് ഏജന്‍സി ജീവനക്കാരും  സ്ഥലത്തെത്തി പരിശോധന നടത്തി.