തിരച്ചിലിനിറങ്ങിയ ബുഷ്‌റ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ചാക്കുകള്‍ കടലില്‍ ഒഴുകുന്നത് കണ്ടത്.

മലപ്പുറം: പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ കടലില്‍നിന്ന് കണ്ടുകിട്ടിയത് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ചാക്കുകള്‍. മൂന്ന് ചാക്കിലായി സൂക്ഷിച്ച ഹാന്‍സ് പാക്കറ്റുകളാണ് കണ്ടെടുത്തത്. ഇവ കരയിലെത്തിച്ച് എക്‌സൈസിന്റെ നിര്‍ദേശപ്രകാരം നശിപ്പിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് മത്സ്യബന്ധനത്തിനിടെ കടലില്‍ അപകടത്തില്‍പെട്ട് കാണാതായ തൊഴിലാളികള്‍ക്ക് വേണ്ടി മത്സ്യബന്ധന ബോട്ടുകളില്‍ തൊഴിലാളികള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ ഹാന്‍സ് ചാക്കുകള്‍ കണ്ടെത്തിയത്. തിരച്ചിലിനിറങ്ങിയ ബുഷ്‌റ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ചാക്കുകള്‍ കടലില്‍ ഒഴുകുന്നത് കണ്ടത്.

തുടര്‍ന്ന് മൂന്ന് ചാക്കുകള്‍ പൊക്കിയെടുത്ത് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സാണെന്ന് മനസ്സിലായത്. ഒന്നര ലക്ഷം രൂപ വിലവരുന്ന ഹാന്‍സാണിത്. മൂന്ന് ചാക്കുകളിലുമായി 30 എണ്ണം വരുന്ന 50 കെട്ടുകളാണുണ്ടായിരുന്നത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ എക്‌സൈസിനെ ബന്ധപ്പെടുകയും ഇവരുടെ നിര്‍ദേശപ്രകാരം കരയിലെത്തിച്ച് നശിപ്പിക്കുകയും ചെയ്തു. പൂളക്കല്‍ ബാബു, സിദ്ദീഖ്, കോയ, അബ്ദുല്ലത്തീഫ്, കെ. റസാഖ്, ബദറു, റസാഖ്, സക്കീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹാന്‍സ് ചാക്കുകള്‍ കണ്ടെടുത്തത്.